സംസ്ഥാനത്തെ നിരത്തുകളിലോടുന്ന 15 വർഷം പഴക്കമുള്ള 22.15 ലക്ഷം സ്വകാര്യ, വാണിജ്യ വാഹനങ്ങൾ പൊളിക്കൽ കേന്ദ്രത്തിലെത്തിച്ചാൽ പുതിയ വാഹനം വാങ്ങുമ്പോൾ നികുതിയിളവ് അനുവദിച്ച് മോട്ടർ വാഹന വകുപ്പ് ഉത്തരവിറക്കി.
സർക്കാർ നിശ്ചയിച്ചിട്ടുള്ള പൊളിക്കൽ കേന്ദ്രത്തിലെത്തിച്ചാൽ പൊളിക്കുന്ന വാഹനങ്ങൾക്ക് പ്രത്യേക സാക്ഷ്യപത്രം (സർട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റ്) നൽകും. ഈ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ, പുതുതായി വാങ്ങുന്ന വാഹനങ്ങൾക്കു നികുതിയിളവ് നൽകാനാണു തീരുമാനം. എന്നാൽ, പഴയ വാഹനത്തിന്റെ അതേ വിഭാഗത്തിലുള്ള വാഹനമായിരിക്കണം പുതുതായി വാങ്ങേണ്ടത്.
സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന (നോൺ ട്രാൻസ്പോർട്ട് വെഹിക്കിൾ) വാഹനങ്ങൾക്ക് 15 വർഷത്തേക്കുള്ള ഒറ്റത്തവണ നികുതിയുടെ 15 ശതമാനവും, വാണിജ്യാവശ്യത്തിനുള്ള വാഹനങ്ങൾക്ക് ആദ്യ 5 വർഷത്തെ നികുതിയുടെ 10 ശതമാനവും ഇളവ് ലഭിക്കും. ഒരു വർഷത്തിനകം ഉടമസ്ഥാവകാശം മാറ്റിയ വാഹങ്ങൾക്ക് ഇളവില്ല. കെഎസ്ആർടിസി ആരംഭിക്കുന്ന റജിസ്റ്റേഡ് വെഹിക്കിൾ സ്ക്രാപ്പിങ് ഫെസിലിറ്റി (ആർവിഎസ്എഫ്) എന്ന കേന്ദ്രത്തിലെത്തിച്ചാണു പൊളിക്കേണ്ടത്. നിലവിൽ ഇത്തരം കേന്ദ്രങ്ങൾ കെഎസ്ആർടിസി ആരംഭിച്ചിട്ടില്ല.
