10 വയസിൽ ബാങ്ക് അക്കൗണ്ടാകാമെന്ന് ആർബിഐ

പുതിയ നിർദേശമനുസരിച്ച് പത്തു വയസ് വരെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ അവരുടെ രക്ഷാകർത്താക്കൾ ആണ് കൈകാര്യം ചെയ്യേണ്ടത്. ഇത്തരം എല്ലാ അക്കൗണ്ടിലും കുട്ടിയുടെ അമ്മക്ക് രക്ഷാകർത്താവാകാം. അമ്മയുടെ ഈ ഉത്തരവാദിത്തം അല്ലെങ്കിൽ അവകാശം കുട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാനും അതിൽ ഇടപാടുകൾ നടത്താനും മാത്രമാണ്.

കുട്ടിയുടെ പിതാവ്, മറ്റു നിയമാനുസൃതമായ രക്ഷാകർത്താക്കൾ, കോടതി നിയമിക്കുന്ന രക്ഷാകർത്താക്കൾ എന്നിവർക്കും കുട്ടിയുടെ പേരിൽ അക്കൗണ്ട് തുടങ്ങാനും ഇടപാടുകൾ നടത്തുവാനും കഴിയും.

സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ, കാലാവധി നിക്ഷേപങ്ങൾ എന്നിവ ഈ രീതിയിൽ കുട്ടികളുടെ പേരിൽ തുടങ്ങാവുന്നതാണ്.പത്തു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സ്വന്തം രീതിയിൽ അക്കൗണ്ടുകൾ തുടങ്ങാനും ഇടപാടുകൾ നടത്തുവാനും കഴിയും. എ ടി എം കാർഡ്, നെറ്റ് ബാങ്കിങ്, ഡിജിറ്റൽ ബാങ്കിങ് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും കുട്ടികൾക്ക് ഉപയോഗിക്കാം. ചെക്ക് ബുക്ക് വേണമെങ്കിൽ അതും ലഭിക്കും.

എന്നാൽ കുട്ടികളുടെ പ്രായത്തിനും ബാങ്കിന്റെ റിസ്ക് നയങ്ങൾക്കും അനുസരിച്ച് ഇത്തരം അക്കൗണ്ടുകളിൽ എന്തെല്ലാം ഇടപാടുകൾ, എത്ര തുകവരെ, ഏതെല്ലാം രീതികളിൽ നടത്താം എന്ന് ഓരോ ബാങ്കിനും തീരുമാനിക്കാം.

കുട്ടികളുടെ അക്കൗണ്ടുകളുടെ കാര്യത്തിലും ബാങ്കുകൾ പാലിച്ചു പോരുന്ന കെ വൈ സി (KYC) നിബന്ധനകൾ ബാധകമാണ്.കുട്ടികൾക്ക് പ്രായപൂർത്തിയാകുമ്പോൾ അവരുടെ അപ്പോഴത്തെ തിരിച്ചറിയൽ രേഖകളും ഒപ്പും മറ്റും ബാങ്കിന്റെ രേഖകളിൽ പുതുക്കി രേഖപ്പെടുത്തണം. രക്ഷാകർത്താക്കളാണ് കുട്ടിക്ക് വേണ്ടി ഇടപാടുകൾ നടത്തിയിരുന്നതെങ്കിൽ പ്രായപൂർത്തിയാകുന്ന ദിവസത്തെ അക്കൗണ്ടിലെ തുക സമ്മതിച്ച് (balance confirmation) കുട്ടി ഒപ്പിട്ട് നൽകണം. ഇതിന് വേണ്ട നിർദ്ദേശങ്ങൾ ബാങ്ക് കുട്ടികളെയോ രക്ഷാകർത്താക്കളെയോ അറിയിക്കണം.

കുട്ടികളുടെ അക്കൗണ്ടുകളിൽ വായ്പ (ഓവർഡ്രാഫ്ട്) നൽകാൻ പാടില്ല. ഇത്തരം അക്കൗണ്ടിലെ ഇടപാടുകൾ അക്കൗണ്ടിൽ നിക്ഷേപിച്ച തുകയിൽ തന്നെ ഒതുങ്ങി ആയിരിക്കണം. നിയമപരമായി കുട്ടികൾ കടത്തിന് ബാധ്യസ്ഥരല്ല. കുട്ടികൾക്ക് കടം കൊടുത്താൽ അത് തിരിച്ചു പിടിക്കുവാൻ കുട്ടികളുടെ പേരിൽ കേസ് കൊടുക്കുവാനോ നിയമനടപടികൾ സ്വീകരിക്കുവാനോ കഴിയില്ല. അതുകൊണ്ടാണ് കുട്ടികളുടെ അക്കൗണ്ടുകൾ ഓവർഡ്രോൺ ആകാതിരിക്കുവാൻ ശ്രദ്ധിക്കണം എന്ന് റിസർവ് ബാങ്ക് നിർദേശിച്ചത്. ഇക്കാര്യം ഉറപ്പുവരുത്തുവാൻ ആവശ്യമായ സാങ്കേതിക നിയന്ത്രണങ്ങൾ കോർ ബാങ്കിങ് സംവിധാനത്തിൽ കൊണ്ട് വരേണ്ടതുണ്ട്.

എന്നാൽ കുട്ടികളുടെ പേരിൽ തുടങ്ങുന്ന കാലാവധി നിക്ഷേപങ്ങൾ കാലാവധിക്ക് മുമ്പ് തിരിച്ചെടുക്കുവാൻ കഴിയില്ല. അപൂർവം ചില സന്ദർഭങ്ങളിൽ മാത്രമാണ് ഇതിൽ എന്തെങ്കിലും ഇളവുകൾ ഉണ്ടാകുക. അപ്പോൾ നടപടിക്രമങ്ങൾ വേറെയായിരിക്കും. കുട്ടികളുടെ പേരിലുള്ള കാലാവധി നിക്ഷേപത്തിൻമേൽ വായ്പയും ലഭിക്കില്ല. ഇത് സംബന്ധിച്ച വിവരങ്ങൾ കുട്ടികളുടെ പേരിൽ കാലാവധി നിക്ഷേപങ്ങൾ തുടങ്ങുന്ന സമയത്ത് തന്നെ ബാങ്കിൽ ചോദിച്ച് മനസിലാക്കാം.

പുതിയ നിർദ്ദേശങ്ങൾ എല്ലാ കൊമേഴ്സ്യൽ ബാങ്കുകൾക്കും, പ്രാഥമിക അർബൻ സഹകരണ ബാങ്കുകൾക്കും സ്റ്റേറ്റ് സഹകരണ ബാങ്കുകൾക്കും ജില്ലാ സഹകരണ ബാങ്കുകൾക്കും ബാധകമാണ്.