ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിനു ട്രഷറി വകുപ്പ് പലിശ കൂട്ടി.

സഹകരണ ബാങ്ക് മേഖലയിലെ സംഭവവികാസങ്ങൾക്കിടെ ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിനു ട്രഷറി വകുപ്പ് പലിശ കൂട്ടി. സഹകരണ ബാങ്കിൽനിന്നു സ്ഥിരനിക്ഷേപം പിൻവലിക്കുന്നവരെ ആകർഷിക്കുകയാണു ലക്ഷ്യം. ഹ്രസ്വകാല നിക്ഷേപങ്ങൾക്കു പല ബാങ്കുകളും ട്രഷറിയെക്കാൾ ഉയർന്ന പലിശ നൽകുന്നുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് പലിശ കൂട്ടിയത്. ഈ മാസം ഒന്നാം തീയതി പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.

സ്ഥിരനിക്ഷേപം പിൻവലിക്കുന്നതിനു പല പ്രാഥമിക സഹകരണ ബാങ്കുകളും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ പിൻവലിക്കാവുന്ന തുക 2 ലക്ഷമാക്കി പല ബാങ്കുകളും നിജപ്പെടുത്തി. സഹകരണ ബാങ്കുകളിൽ‌നിന്നു പിൻവലിക്കുന്ന പണം പലരും ട്രഷറികളിലേക്കാണു മാറ്റുന്നത്. സ്ഥിര നിക്ഷേപത്തിനു മുതിർന്ന പൗരൻമാർക്ക് മറ്റുള്ളവരെക്കാൾ ഉയർന്ന പലിശ ബാങ്കുകൾ നൽകുന്നുണ്ട്. എന്നാൽ, വേർതിരിവില്ലാതെ എല്ലാവർക്കും ട്രഷറി ഉയർന്ന പലിശയാണു നൽകുന്നത്. നേട്ടം എന്ന സ്കീമിലൂടെ 8% പലിശ നൽകുന്ന കെഎസ്എഫ്ഇയിലേക്കും നിക്ഷേപകർ മാറുന്നുണ്ട്.