ഹോളിവുഡിലെ പ്രമുഖ സ്റ്റുഡിയോയായ വാർണർ ബ്രദേഴ്സ് ഡിസ്കവറിയുടെ സ്റ്റുഡിയോയും സ്ട്രീമിങ് ബിസിനസുകളും 8,270 കോടി ഡോളറിന് (ഏകദേശം 6.8 ലക്ഷം കോടി രൂപ) ഏറ്റെടുക്കാനുള്ള പദ്ധതി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. അടുത്ത വർഷം മൂന്നാം പാദത്തോടെ ഏറ്റെടുക്കൽ നടപടികൾ പൂര്ത്തിയാകുമെന്നാണ് പ്രതീക്ഷ.ഈ ഏറ്റെടുക്കൽ ഹോളിവുഡിലും ആഗോള വിനോദ വ്യവസായ മേഖലയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നതാണ്. നിലവിൽ 30 കോടിയിലധികം വരിക്കാരുള്ള ലോകത്തിലെ ഏറ്റവും വലിയ പെയ്ഡ് സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ലിക്സ്.
വാർണർ ബ്രദേഴ്സ് കൂടി കീഴടക്കുന്നതോടെ തിയറ്ററുടമകളിലും വിനോദ വ്യവസായത്തിലെ മറ്റ് പ്രമുഖ സ്ഥാപനങ്ങളിലുമുള്ള നെറ്റ്ഫ്ലിക്സിന്റെ സ്വാധീനം കൂടുതൽ ശക്തമാകും. കരാർ പൂർത്തിയാകുന്നതോടെ ഒരു സിലിക്കൺ വാലി ആസ്ഥാനമായ ടെക് കമ്പനി ഏറ്റെടുക്കുന്ന ആദ്യത്തെ പരമ്പരാഗത ചലച്ചിത്ര സ്റ്റുഡിയോയായിരിക്കും വാർണർ ബ്രദേഴ്സ്.
നെറ്റ്ഫ്ലിക്സ്, കോംകാസ്റ്റ്, പാരാമൗണ്ട് എന്നിവർക്കിടയിൽ നടന്ന കടുത്ത ലേലത്തിനൊടുവിലാണ് കരാർ നെറ്റ്ഫ്ലിക്സിന് ലഭിച്ചത്. എന്നാൽ ഇടപാട് പൂർത്തിയാകാൻ ഫെഡറൽ റെഗുലേറ്റർമാരുടെ അംഗീകാരം അനിവാര്യമാണ്. ട്രംപ് ഭരണകൂടത്തിന്റെ നയനിലപാടുകൾ ഈ കരാറിനെ സ്വാധീനിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
