ഹോട്ടലുകളിൽ ആധാർ പകർപ്പ് നിരോധനം; പുതിയ ചട്ടങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ;

ഹോട്ടലുകളിലും പരിപാടികളിലും തിരിച്ചറിയൽ രേഖയായി ആധാർ കാർഡിന്റെ ഫോട്ടോകോപ്പി ശേഖരിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ പുതിയ നിയമം തയ്യാറാക്കുന്നു. ആധാർ പകർപ്പ് കൈവശം വെക്കുന്നത് നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന യുഐഡിഎഐയുടെ നിർദേശമാണ് നടപടിക്ക് ആധാരം.ഇനി മുതൽ ആധാർ വെരിഫിക്കേഷൻ ചെയ്യുന്ന ഹോട്ടലുകളും ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളും യുഐഡിഎഐയിൽ രജിസ്റ്റർ ചെയ്യണം. പേപ്പർ പകർപ്പുകൾ ഒഴിവാക്കി പൂർണ്ണമായും ഡിജിറ്റൽ പരിശോധനയിലേക്ക് മാറുകയെന്നതാണ് ലക്ഷ്യം.

പുതിയ മാറ്റങ്ങൾ

ക്യുആർ കോഡ് സ്കാനിങ്:

ആധാരിന്റെ പകർപ്പിന് പകരം കാർഡിലെ ക്യുആർ കോഡ് സ്കാൻ ചെയ്‌തോ, അല്ലെങ്കിൽ വരാനിരിക്കുന്ന പുതിയ ആധാർ മൊബൈൽ ആപ്പ് വഴിയോ വെരിഫിക്കേഷൻ നടത്താം.

രജിസ്ട്രേഷൻ നിർബന്ധം:

ആധാർ പരിശോധന നടത്തുന്ന എല്ലാ ഹോട്ടലുകളും സ്ഥാപനങ്ങളും യുഐഡിഎഐയുടെ പുതുക്കിയ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണം.

ഓഫ്ലൈൻ വെരിഫിക്കേഷൻ:

സർവർ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഓഫ്ലൈൻ വെരിഫിക്കേഷൻ സൗകര്യം ലഭ്യമാക്കും. സ്ഥാപനങ്ങൾക്ക് API നൽകിയാൽ അത് അവരുടെ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ച് പരിശോധിക്കാം.

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനും ആധാർ വിവരങ്ങളുടെ ദുരുപയോഗം ഒഴിവാക്കാനുമാണ് ഈ നടപടി. ആപ്പ്-ടു-ആപ്പ് ഓതന്റിക്കേഷൻ സംവിധാനം പരീക്ഷണ ഘട്ടത്തിലാണ്; ഭാവിയിൽ വിമാനത്താവളങ്ങൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഇത് പ്രയോഗത്തിലാകും.

ഡിജിറ്റൽ പെർസണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന് അനുയോജ്യമായ രീതിയിൽ പുതിയ ആപ്പ് രൂപകല്പന ചെയ്യുന്നു. മൊബൈൽ ഫോൺ ഇല്ലാത്ത കുടുംബാംഗങ്ങളെയും ഒരേ ആപ്പിൽ ഉൾപ്പെടുത്താനാവുന്ന സംവിധാനം ഇതിൽ ഉണ്ടായിരിക്കും. പുതിയ ചട്ടങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ പറഞ്ഞു.