പശ്ചിമേഷ്യയിൽ ഇറാൻ–ഇസ്രയേൽ സംഘര്‍ഷം ശക്തമാകുന്നതിനിടെ സംസ്ഥാനത്ത് സ്വർണവിലയിൽ അപ്രതീക്ഷിത ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 15,565 രൂപയായി. അതേസമയം ഒരു പവൻ സ്വർണത്തിന്റെ വില 1,24,520 രൂപയായി താഴ്ന്നു.
സാധാരണയായി യുദ്ധസാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപമായി സ്വർണത്തിലേക്ക് ആളുകൾ തിരിയുന്നതിനാൽ വില കുതിച്ചുയരാറാണ് പതിവ്. എന്നാൽ ഈ തവണ അന്താരാഷ്ട്ര വിപണിയിൽ ലാഭമെടുപ്പ് നടന്നതും ഡോളറിന്റെ മൂല്യത്തിലുള്ള മാറ്റങ്ങളും വില താഴാൻ കാരണമായെന്നാണ് വിലയിരുത്തൽ. വില കുറഞ്ഞ സാഹചര്യത്തിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയാൻ സാധ്യതയുണ്ട്. ഇതിനിടെ ആഗോള വിപണിയിൽ സ്വർണവില ഉയർന്നതായും റിപ്പോർട്ടുകളുണ്ട്.ഇന്നലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 400 രൂപ ഉയർന്നതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,26,920 രൂപയിലെത്തി. 24 മണിക്കൂറിനിടെ ഒരു ഗ്രാം സ്വർണത്തിന് 1,015 രൂപയും ഒരു പവന് 8,120 രൂപയും വർധിച്ചിരുന്നു.
നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങൾ പെട്രോൾ, ഡീസൽ വിലകളിലും പ്രതിഫലിക്കാനിടയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയിലടക്കം ഇന്ധനവിലയിൽ ഉയർച്ചയും ഇടിവും മാറിമാറി സംഭവിക്കുകയായിരുന്നു. ഓഹരി വിപണിയിലും ഇതിന്റെ ആഘാതം പ്രകടമാകാൻ സാധ്യതയുണ്ട്. സ്വർണം, വെള്ളി വിലകളിലെ മാറ്റങ്ങളെക്കാൾ സാധാരണക്കാരെ കൂടുതൽ ബാധിക്കുക ഉയരാനിടയുള്ള പെട്രോൾ, ഡീസൽ വിലകളായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

