സ്വന്തം ക്രെഡിറ്റ് കാര്‍ഡ് കമ്പനി തുടങ്ങാനുള്ള കനറാ ബാങ്കിന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി.

സ്വന്തം ക്രെഡിറ്റ് കാര്‍ഡ് കമ്പനി തുടങ്ങാനുള്ള കനറാ ബാങ്കിന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ വിപുലീകരിക്കുന്നതിനായി നോണ്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസ് ലൈസന്‍സിനായുള്ള കനറാ ബാങ്കിന്‍റെ അപേക്ഷ ആര്‍ബിഐ തള്ളി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാര്‍ഡ് ബിസിനസ്സിനായി എസ്ബിഐ കാര്‍ഡ്സ് എന്ന പേരില്‍ ഒരു പ്രത്യേക അനുബന്ധ സ്ഥാപനമുണ്ട്. ഈ കമ്പനി ഒരു നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയാണ്. ബാങ്ക് ഓഫ് ബറോഡയ്ക്ക് ബിഒബി കാര്‍ഡുകള്‍ എന്ന പേരില്‍ ഒരു ഉപസ്ഥാപനവുമുണ്ട്. എന്നിട്ടും കനറാ ബാങ്കിന്‍റെ അപേക്ഷ ആര്‍ബിഐ തള്ളി. ബാങ്കുകളില്‍ നിന്നുള്ള സുരക്ഷിതമല്ലാത്ത വായ്പകളുടെ ഗണ്യമായ വര്‍ധനയെക്കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ആര്‍ബിഐയുടെ വിസമ്മതം എന്നാണ് സൂചന. ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി നല്‍കുന്ന വായ്പകള്‍ സാധാരണയായി സുരക്ഷിതമല്ലാത്ത വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. അതായത് ഒരു ഗ്യാരണ്ടിയും ഇല്ലാതെയാണ് കാര്‍ഡ് ഉടമയ്ക്ക് വായ്പ ലഭിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ കാനറ ബാങ്ക് ജൂണ്‍ അവസാനത്തോടെ 900,000 ക്രെഡിറ്റ് കാര്‍ഡുകള്‍ കൈകാര്യം ചെയ്തിരുന്നു . കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏകദേശം 37 ശതമാനം കൂടുതലാണിത്.