സ്റ്റൈലിലും കരുത്തിലും പുതുമ; ടൈഗൂൺ ഫേസ്‌ലിഫ്റ്റുമായി ഫോക്‌സ്‌വാഗൺ

ജനപ്രിയ മിഡ്‌സൈസ് എസ്‌യുവിയായ ടൈഗൂണിന്റെ ഫേസ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി ഫോക്‌സ്‌വാഗൺ. പുറം ഡിസൈനിലും ഇന്റീരിയറിലും പുതുമകളുമായി എത്തുന്ന പുതിയ മോഡലിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിലെ കടുത്ത മത്സരമുള്ള ഈ വിഭാഗത്തിൽ ഹ്യുണ്ടായി ക്രേറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, എംജി അസ്റ്റർ, റെനോ ഡസ്റ്റർ, ടാറ്റ സിയേറ തുടങ്ങിയവയാണ് ടൈഗൂണിന്റെ പ്രധാന എതിരാളികൾ. പുതിയ മോഡലിന്റെ വില ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

എഞ്ചിൻ ഓപ്ഷനുകളിൽ വലിയ മാറ്റമില്ല. 115 എച്ച്പി കരുത്തുള്ള 1.0 ലീറ്റർ ടർബോ പെട്രോൾ എൻജിനും 150 എച്ച്പി കരുത്തുള്ള 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിനും തുടരും. 1.0 ടിഎസ്‌ഐ മോഡലിൽ പഴയ 6-സ്പീഡ് ടോർക്ക് കൺവെർട്ടറിന് പകരം പുതിയ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നൽകിയിട്ടുണ്ട്. ഇതിലൂടെ ഇന്ധനക്ഷമത ഏകദേശം 5.8 ശതമാനം വരെ മെച്ചപ്പെടുമെന്ന് കമ്പനി പറയുന്നു. 1.5 ടിഎസ്‌ഐ മോഡലിൽ 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ലഭ്യമാകുന്നത്.പുറത്തോടു ബന്ധപ്പെട്ട മാറ്റങ്ങളിൽ ഹെഡ്‌ലൈറ്റുകളും ബംപറും പുതുക്കിയതാണ് ശ്രദ്ധേയമായത്. ഫോഗ് ലാമ്പുകൾ ഒഴിവാക്കിയിരിക്കുന്നതിനൊപ്പം ഹെഡ്‌ലൈറ്റുകളെ ബന്ധിപ്പിക്കുന്ന ലൈറ്റ് ബാറും നടുവിൽ ഇല്യുമിനേറ്റഡ് ലോഗോയും നൽകിയിട്ടുണ്ട്.

സൈഡ് പ്രൊഫൈലിൽ വലിയ മാറ്റങ്ങളില്ലെങ്കിലും പുതിയ ഡിസൈനിലുള്ള 16, 17 ഇഞ്ച് അലോയ് വീലുകൾ പ്രധാന ആകർഷണമാണ്. ജിടി ബാഡ്ജ് ഫെൻഡറിൽ നിന്ന് മുൻവശത്തെ ഡോറുകളിലേക്ക് മാറ്റിയിട്ടുണ്ട്. 1.5 ടിഎസ്‌ഐ മോഡലുകളിൽ മാത്രം പിൻഭാഗത്ത് ഡിസ്ക് ബ്രേക്കുകളും ചുവപ്പ് നിറത്തിലുള്ള ബ്രേക്ക് കാലിപ്പറുകളും നൽകിയിട്ടുണ്ട്.

സുരക്ഷാ കാര്യത്തിൽ ടൈഗൂൺ മുൻപുപോലെ തന്നെ 5 സ്റ്റാർ റേറ്റിംഗ് നിലനിർത്തുന്നു. എന്നാൽ പുതിയ മോഡലിലും അഡാസ് ഫീച്ചറുകൾ നൽകിയിട്ടില്ല. ഉപഭോക്താക്കൾക്കായി നാല് വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ്, സ്റ്റാൻഡേഡ് വാറന്റി, മൂന്ന് സൗജന്യ സർവീസുകൾ എന്നിവയും ഫോക്‌സ്‌വാഗൺ വാഗ്ദാനം ചെയ്യുന്നു.