സ്ഥിരനിക്ഷേപത്തിന് ബാങ്ക് എഫ്ഡി മാത്രമോ ? അറിഞ്ഞിരിക്കണം മറ്റു മാർഗങ്ങളും

പണം സൂക്ഷിക്കാനും വളർത്താനും കാലാകാലങ്ങളായി ഒരു വിഭാഗം ഇന്ത്യക്കാർ ബാങ്ക് സ്ഥിര നിക്ഷേപമെന്ന എഫ് ഡിയെ മാത്രമാണ് ആശ്രയിക്കുന്നത്. ഓഹരി വിപണിയിൽ നിന്നോ, സ്വർണ ഇടിഎഫുകളിൽ നിന്നോ, സർക്കാർ കടപത്രങ്ങളിൽ നിന്നോ, കോർപ്പറേറ്റ് ബോണ്ടുകളിൽ നിന്നോ ഉള്ള ഉയർന്ന വരുമാനം ലഭിക്കുന്ന കണക്കുകളൊന്നും ഇത്തരക്കാരുടെ കാഴ്ചപ്പാട് മാറില്ല എന്നതാണ് സത്യം .എന്നാൽ ബാങ്ക് എഫ്ഡികള്‍ നിക്ഷേപത്തെ വളർത്തുന്നില്ലെന്ന കാര്യം മനസ്സിലാക്കി കഴിയുമ്പോഴേക്കും വളരെ വൈകിയിരിക്കും.

വരുമാനകുറവ്

ഫിക്സഡ് ഡിപ്പോസിറ്റുകൾ ഒരു നിശ്ചിത പലിശ വാഗ്ദാനം ചെയ്യുന്നു, ഇത് ഓഹരി അല്ലെങ്കിൽ മ്യൂച്വൽ ഫണ്ടുകൾ പോലുള്ള നിക്ഷേപ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന വരുമാനത്തേക്കാൾ കുറവാണ്. സ്ഥിര നിക്ഷേപങ്ങളുടെ പ്രധാന പോരായ്മകളിലൊന്നാണ് ഇത്. മറ്റ് നിക്ഷേപങ്ങളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ നിരക്ക് സാധാരണയായി കുറവാണ്. ഏതൊരു മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചാലും, ഇപ്പോഴത്തെ ഇന്ത്യൻ ഓഹരി വിപണിയുടെ പ്രകടനം വിലയിരുത്തുമ്പോൾ 12 മുതൽ 20 ശതമാനം വരെയെങ്കിലും വാർഷിക വരുമാനം ലഭിക്കും. എന്നാൽ ബാങ്ക് എഫ് ഡി കളിൽ നിന്നും പരമാവധി 5 മുതൽ 8 ശതമാനം വരെ മാത്രമാണ് ലഭിക്കുക

സ്ഥിര വരുമാനം

സ്ഥിരനിക്ഷേപങ്ങളുടെ മറ്റൊരു പോരായ്മ, തുടങ്ങുന്ന സമയത്ത് പലിശ നിരക്ക് നിശ്ചയിച്ചത് തന്നെയാണ് കാലാവധി അവസാനിക്കുന്നത് വരെ ലഭിക്കുക എന്നതാണ്. എന്നാൽ ഓഹരി വിപണിയിലാണെങ്കിൽ മാർക്കറ്റ് ഇടിഞ്ഞാൽ കുറഞ്ഞ വിലയ്ക്ക് ഓഹരികളും മ്യൂച്ചൽ ഫണ്ടുകളും ലഭിക്കാൻ സാധ്യതയുണ്ട്. ഇത് ദീർഘ കാലത്തിൽ വരുമാനം കൂട്ടും

എത്ര ലക്ഷം നിക്ഷേപിച്ചാലും ബാങ്ക് പാപ്പരായാൽ 5 ലക്ഷം രൂപ മാത്രമേ ഒരാൾക്ക് തിരിച്ചു ലഭിക്കുകയുള്ളൂ. നിക്ഷേപിച്ചിരിക്കുന്ന തുക മുഴുവൻ തിരിച്ചു ലഭിക്കുകയില്ല. എന്നാൽ ഓഹരി വിപണിയിൽ നമ്മുടെ പണം സിഡിഎസ് പോലുള്ള ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റ് അക്കൗണ്ടുകളിൽ സുരക്ഷിതമാണ്.

ഒരു ലക്ഷം രൂപ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചാൽ , അതിന് 15 ശതമാനം വാർഷിക വരുമാനം ലഭിച്ചാൽ 20 വർഷങ്ങൾക്ക് ശേഷം 19 ലക്ഷത്തിനു മുകളിൽ ലഭിക്കും. ഒരു ലക്ഷം രൂപ എഫ് ഡി യിൽ നിക്ഷേപിച്ചാൽ 6 ശതമാനം പലിശ കണക്കാക്കിയാൽ 20 വർഷങ്ങൾക്ക് ശേഷം വെറും 3 ലക്ഷം രൂപക്ക് മുകളിൽ മാത്രമേ ലഭിക്കുകയുള്ളൂ. അതിനിടക്ക് അതിൽ നിന്നും നികുതിയും കിഴിച്ചു പോകും. ഫലത്തിൽ പണപ്പെരുപ്പം കൂടി കിഴിച്ചാൽ നിക്ഷേപിച്ച തുക അത്ര കണ്ടു വളർന്നില്ല എന്ന് മനസ്സിലാക്കാം. എന്നാൽ മ്യൂച്ചൽ ഫണ്ട് തുക കൈ നിറച്ച് പണം നൽകുകയും ചെയ്യും. ഈ ഒരു ഉദാഹരണത്തെ അടിസ്ഥാനമാക്കി ഇനി നിങ്ങൾക്ക് നിക്ഷേപ തീരുമാനങ്ങളെടുക്കാം.

Disclaimer : ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക