മിഡ്‌സൈസ് എസ്‌യുവിയായ ടൊയോട്ട അർബൻ ക്രൂസർ ഹൈറൈഡറിന് പുതിയ അപ്‌ഡേറ്റുമായി ടൊയോട്ട ഇന്ത്യ. ‘ഹൈറൈഡർ ടെക്ക് പാക്കേജ്’ എന്ന പേരിലാണ് പുതിയ ഫീച്ചർ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. അധിക ടെക്‌നോളജി സൗകര്യങ്ങളും മെച്ചപ്പെടുത്തിയ സേഫ്റ്റി ഫീച്ചറുകളും ഉൾപ്പെടുത്തി, ഹൈറൈഡർ ഉടമകൾക്ക് വാഹനത്തെ കൂടുതൽ ആധുനികമാക്കാനാണ് ഈ പാക്കേജ് ലക്ഷ്യമിടുന്നത്.ഹൈറൈഡറിന്റെ എല്ലാ വകഭേദങ്ങളിലും ഫിറ്റുചെയ്യാൻ കഴിയുന്ന രീതിയിലാണ് ടെക്ക് പാക്കേജ് ഒരുക്കിയിരിക്കുന്നത്. 29,499 രൂപയാണ് (എക്‌സ്‌ഷോറൂം) ഈ പാക്കേജിന്റെ വില.
ടെക്ക് പാക്കേജിലെ പ്രധാന ഫീച്ചറുകൾ
ഉപഭോക്താവിന് ഇഷ്ടാനുസരണം ക്രമീകരിക്കാവുന്ന മൾട്ടി-കളർ ആംബിയന്റ് ലൈറ്റിങ്, മുന്നിലേക്കുള്ള ഡാഷ് ക്യാമറ, ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD) എന്നിവയാണ് ടെക്ക് പാക്കേജിലെ പ്രധാന ആകർഷണങ്ങൾ.
ഏറ്റവും ഉയർന്ന വകഭേദമായ V ട്രിമിൽ നേരത്തെ തന്നെ HUDയും മൾട്ടി-കളർ ആംബിയന്റ് ലൈറ്റിങ്ങും ലഭിക്കുന്നതിനാൽ, ഈ ഫീച്ചറുകൾ ഒഴികെയുള്ള സൗകര്യങ്ങളാണ് ആ വകഭേദത്തിൽ ടെക്ക് പാക്കേജിലൂടെ ലഭിക്കുക. മറ്റ് എല്ലാ വകഭേദങ്ങളിലും ഒരേ ഫീച്ചർ ലിസ്റ്റാണ് നൽകുന്നത്.
പെട്രോൾ, ഹൈബ്രിഡ്, സിഎൻജി പവർട്രെയിൻ ഓപ്ഷനുകളോടൊപ്പം, പെട്രോൾ വകഭേദത്തിൽ ഓൾ-വീൽ ഡ്രൈവ് (AWD) സൗകര്യവും ഹൈറൈഡറിൽ ലഭ്യമാണ്.
വില വിവരങ്ങൾ
ടെക്ക് പാക്കേജ് ഉൾപ്പെടുത്തിയതോടെ, ഹൈറൈഡറിന്റെ വില ₹11.24 ലക്ഷം മുതൽ ₹20.05 ലക്ഷം വരെ (എക്‌സ്‌ഷോറൂം) ഉയരും.
E (മാനുവൽ): ₹11.24 ലക്ഷം
S: ₹12.76 ലക്ഷം – ₹16.75 ലക്ഷം
G / G(O): ₹14.52 ലക്ഷം – ₹18.73 ലക്ഷം
V: ₹16.02 ലക്ഷം – ₹19.86 ലക്ഷം
V AWD: ₹18.58 ലക്ഷം
ഇഷ്ട നിറം തിരഞ്ഞെടുക്കുന്നതിന് ₹19,000 വരെ അധികമായി നൽകേണ്ടിവരും. V AWD വകഭേദത്തിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമാണ് ലഭിക്കുക.
പ്രകടനവും ഇന്ധനക്ഷമതയും
ലീറ്ററിന് 19.2 കിലോമീറ്റർ മുതൽ 27.97 കിലോമീറ്റർ വരെ ഇന്ധനക്ഷമതയാണ് ഹൈറൈഡർ നൽകുന്നത്. ഏറ്റവും കൂടുതൽ മൈലേജ് ലഭിക്കുന്ന ഹൈബ്രിഡ് വകഭേദങ്ങൾക്കാണ് വില കൂടുതലുള്ളത്.
മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ, 45 ലീറ്റർ ഇന്ധന ടാങ്ക്, 0–100 കി.മീ./മണിക്കൂർ വേഗത കൈവരിക്കാൻ 11.99 സെക്കന്റ് എന്നിവയും ഈ എസ്‌യുവിയുടെ പ്രത്യേകതകളാണ്.
വലിപ്പവും സുരക്ഷാ ഫീച്ചറുകളും
4365 എംഎം നീളം, 1795 എംഎം വീതി, 1645 എംഎം ഉയരം എന്നിങ്ങനെയാണ് ഹൈറൈഡറിന്റെ അളവുകൾ. 2600 എംഎം വീൽബേസ് ഉള്ള വാഹനത്തിന്റെ കർബ് വെയിറ്റ് 1265–1295 കിലോഗ്രാം വരെയാണ്.
സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, ABS, EBD, ESC, ഹിൽ ഡിസെന്റ് കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, സ്പീഡ് സെൻസിങ് ഓട്ടോ ഡോർ ലോക്ക്, ചൈൽഡ് സേഫ്റ്റി ലോക്ക് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

