സൂപ്പർ ലുക്കും പുത്തൻ സാങ്കേതികവിദ്യകളുമായി പുതിയ കിയ സെൽറ്റോസ്

കിയ സെൽറ്റോസിന്റെ രണ്ടാം തലമുറ അവതരിപ്പിച്ചു. ഡിസംബർ 11 മുതൽ 25,000 രൂപ നൽകി പുതിയ സെൽറ്റോസ് ബുക്ക് ചെയ്യാം. വില പ്രഖ്യാപനം ജനുവരി ആദ്യവാരം ഉണ്ടാകും. പെട്രോൾ, ടർബോ പെട്രോൾ, ഡീസൽ എന്നീ എൻജിൻ ഓപ്ഷനുകളോടെയാണ് പുതിയ മോഡൽ എത്തുന്നത്. 2019ൽ പുറത്തിറങ്ങി ഇന്ത്യൻ വിപണിയിൽ കിയയ്ക്ക് ശക്തമായ അടയാളം നൽകിയ സെൽറ്റോസ് ആറു വർഷത്തിന് ശേഷമാണ് പൂർണമായും പുതുക്കിയ ലുക്കിൽ എത്തുന്നത്.

കിയയുടെ ഫ്ലാഗ്ഷിപ്പ് എസ്യുവിയായ ടെല്ലുറൈഡിന്റെ ഡിസൈൻ ഭാഷയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് പുതിയ സെൽറ്റോസ്. ഗൺ-മെറ്റൽ ആക്സന്റുകളുള്ള ശക്തമായ ഗ്രില്ലാണ് മുൻഭാഗത്തെ പ്രധാന ആകർഷണം. ഗ്രില്ലിന്റെ ഇരുവശങ്ങളിലായി ചതുരാകൃതിയിലുള്ള പുതിയ ഹെഡ്ലാംപുകളും എൽഇഡി ഡേടൈം റണ്ണിംഗ് ലാംപുകളും നൽകിയിരിക്കുന്നു. മുൻഭാഗത്തിന്റെ അറ്റങ്ങളിൽ ലൈറ്റ്നിങ് ബോൾട്ട് രൂപത്തിലുള്ള എൽഇഡി സിഗ്നേച്ചർ ലൈറ്റുകളും ശ്രദ്ധേയമാണ്. ബമ്പറിന് താഴെ ഫോഗ് ലാംപുകൾക്ക് ചുറ്റും കറുത്ത ക്ലാഡിങ്ങും ബോഡി നിറത്തിലുള്ള ആക്സന്റുകളും നൽകിയിട്ടുണ്ട്.

വശക്കാഴ്ചയിൽ കൂടുതൽ മൂർച്ചയുള്ള ക്യാരക്ടർ ലൈനുകൾ, കനം കൂടിയ ക്ലാഡിങ്, ഫ്ലഷ്-ഫിറ്റ് ഡോർ ഹാൻഡിലുകൾ എന്നിവയാണ് പ്രത്യേകത. നമ്പർ പ്ലേറ്റ് ഇപ്പോൾ ബമ്പറിലേക്കാണ് മാറ്റിയിരിക്കുന്നത്. പിൻഭാഗത്ത് ക്ലാവിസിനെ ഓർമിപ്പിക്കുന്ന തലകീഴായ ‘L’ ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാംപുകളും വൃത്തിയുള്ള ടെയിൽഗേറ്റ് ഡിസൈനും നൽകിയിരിക്കുന്നു. കൂടാതെ, പുതിയ റൂഫ് സ്പോയിലറും പുതുക്കിയ ഡിസൈനിലുള്ള 18 ഇഞ്ച് അലോയ് വീലുകളും ലഭ്യമാണ്. പഴയ മോഡലിനെക്കാൾ പുതിയ സെൽറ്റോസ് വലുപ്പം കൂടിയതാണ് – വീൽബേസ് 80 എംഎം വർധിപ്പിച്ചതോടെ ഉൾവശത്ത് കൂടുതൽ ഇടം ലഭിക്കും. നീളം 95 എംഎം, വീതി 30 എംഎം വർധിച്ചപ്പോൾ ഉയരം 10 എംഎം കുറവാണ്.

ഇന്റീരിയറും സവിശേഷതകളും

എക്സ്റ്റീരിയറിനൊപ്പം ഇന്റീരിയറും പൂർണമായി പുതുക്കിയിട്ടുണ്ട്. 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 5 ഇഞ്ച് HVAC ഡിസ്പ്ലേ എന്നിവ ചേർന്ന പനോരമിക് ഡിസ്പ്ലേ ലേയൗട്ട് ക്യാബിനിന് ആധുനിക ഭംഗി നൽകുന്നു. സെന്റർ കൺസോളിലെ സ്വിച്ചുകളുടെ ലേയൗട്ടും ഗിയർ സെലക്ടറും കിയയുടെ പുതിയ മോഡലുകളോട് സാമ്യമുള്ളതാണ്. ഡ്രൈവ്, ട്രാക്ഷൻ മോഡ് ബട്ടണുകളോടുകൂടിയ പുതിയ ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലും നൽകിയിട്ടുണ്ട്.ഡാഷ്ബോർഡിലും ഡോർ പാഡുകളിലും സോഫ്റ്റ്-ടച്ച് ലെതറെറ്റും ആംബിയന്റ് ലൈറ്റിങ്ങും ഉപയോഗിച്ചിരിക്കുന്നത് ക്യാബിനിന് പ്രീമിയം ഫീൽ നൽകുന്നു. ഉപയോഗ സൗകര്യം നിലനിർത്താൻ ആവശ്യമായ ബട്ടണുകളും ഡയലുകളും കിയ ഒഴിവാക്കിയിട്ടില്ല.

നിറയെ ഫീച്ചറുകൾ

ടോപ്പ്-സ്പെക് വേരിയന്റിൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും, മെമ്മറി ഫംഗ്ഷനോടുകൂടിയ പവേർഡ് ഡ്രൈവർ സീറ്റ്, പിൻവശ സൺഷെയ്ഡുകൾ, ഡ്യുവൽ-ടോൺ ലെതറെറ്റ് അപ്ഹോൾസ്റ്ററി, 360 ഡിഗ്രി ക്യാമറ, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, OTA അപ്ഡേറ്റുകൾ, കണക്റ്റഡ് ടെക്, ലെവൽ-2 ADAS സ്യൂട്ട് എന്നിവ ലഭിക്കും. സുരക്ഷയ്ക്കായി സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ESC, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, TPMS, ISOFIX ആങ്കറേജുകൾ, റിയർ ക്യാമറ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

എൻജിൻ ഓപ്ഷനുകൾ

പുതിയ സെൽറ്റോസിൽ മൂന്ന് എൻജിൻ ഓപ്ഷനുകൾ തുടരുന്നു.
• 1.5 ലീറ്റർ നാചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിൻ – 115hp കരുത്തും 144Nm ടോർക്കും; 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT.
• 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിൻ – 160hp കരുത്തും 253Nm ടോർക്കും; 6-സ്പീഡ് iMT അല്ലെങ്കിൽ 7-സ്പീഡ് DCT.
• 1.5 ലീറ്റർ ഡീസൽ എൻജിൻ – 116hp കരുത്തും 250Nm ടോർക്കും; 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക്.

പുതിയ ലുക്കും ആധുനിക സാങ്കേതികവിദ്യകളും നിറഞ്ഞ ഫീച്ചറുകളുമായി കിയ സെൽറ്റോസ് വീണ്ടും ഇന്ത്യൻ എസ്യുവി വിപണിയിൽ ശക്തമായ മത്സരം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്.