സിൽവർലൈൻ അനിശ്ചിതത്വം: ഇൻഫോ പാർക്കിലെ 44 ഏക്കർ ഐടി ഭൂമി കൈമാറാതെ സർക്കാർ

സിൽവർലൈൻ പദ്ധതിയിലേക്കുള്ള ശ്രമങ്ങൾ ഏതാണ്ട് അവസാനിപ്പിച്ചിട്ടും, കൊച്ചി ഇൻഫോ പാർക്കിൽ ഏറ്റെടുക്കാൻ വിജ്ഞാപനം ചെയ്ത 44 ഏക്കർ ഭൂമി ഐടി പദ്ധതികൾക്കായി വിട്ടുനൽകാൻ സർക്കാർ തയ്യാറായില്ല. ഇതിന്റെ ഭാഗമായി 2016ൽ പാട്ടത്തിന് ഭൂമി അനുവദിച്ചിരുന്ന ഒരു കോ-ഡവലപ്പർക്ക് പകരം മറ്റൊരു സ്ഥലത്ത് ഭൂമി അനുവദിച്ചു. 9.37 ഏക്കർ നഷ്ടമായതിന്റെ പകരമായി, ഈയിടെ തരംമാറ്റം നടത്തിയ ഭൂമിയിൽ നിന്ന് 6 ഏക്കർ മാത്രമാണ് അനുവദിച്ചത്. സിൽവർലൈൻ പദ്ധതിയിലെ പിടിവാശി സർക്കാർ ഉപേക്ഷിക്കാത്തതിന്റെ ഫലമായാണ്, ഒൻപതാം വർഷം പൂർത്തിയാകുമ്പോൾ കോ-ഡവലപ്പർക്ക് പാട്ടഭൂമി ഉപേക്ഷിച്ച് മാറേണ്ടിവന്നത്.
കൊച്ചി സ്മാർട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോം കമ്പനി പിന്മാറാൻ കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടിയതും സ്മാർട് സിറ്റിയിലെ നിശ്ചിത ഭൂമി സിൽവർലൈൻ പദ്ധതിക്കായി നഷ്ടപ്പെടുമെന്ന ആശങ്കയായിരുന്നു. സ്മാർട് സിറ്റിയും ഇൻഫോ പാർക്കും ഉൾപ്പെടുന്ന പ്രദേശത്തായിരുന്നു സിൽവർലൈനിന്റെ എറണാകുളം സ്റ്റേഷൻ നിർദേശിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ഇൻഫോ പാർക്കിൽ 44 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 2021 ഒക്ടോബറിലാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.

2016ൽ മൂന്നു കോ-ഡവലപ്പർ കമ്പനികൾക്കാണ് ഇവിടെ ഭൂമി പാട്ടത്തിന് നൽകിയിരുന്നത്. വിജ്ഞാപനം വന്നതോടെ നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. സ്റ്റേഷൻ പാർക്കിങ് ഏരിയയിൽ ഉൾപ്പെടുന്ന ഒരു കോ-ഡവലപ്പർക്കു മാത്രമായി നിർമാണാനുമതി നൽകാമെന്ന് നീണ്ട ചർച്ചകൾക്കുശേഷം കെ-റെയിൽ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അവർ പ്രതികരിച്ചില്ല. ശേഷിച്ച രണ്ട് കോ-ഡവലപ്പർമാരിൽ ഒരാളിനാണ് ഇപ്പോൾ പകരം ഭൂമി അനുവദിച്ചത്.

ഇൻഫോ പാർക്കിന്റെ നിയന്ത്രണത്തിലുള്ള കുന്നത്തുനാട് വില്ലേജിലെ 65.64 ഏക്കർ നിലം രണ്ട് മാസം മുൻപാണ് തരംമാറ്റിയത്. സിൽവർലൈൻ പദ്ധതിയിൽ 9.37 ഏക്കർ നഷ്ടമായ കോ-ഡവലപ്പർക്കാണ് ഇവിടെ നിന്ന് 4.75 ഏക്കർ സെസ് ഭൂമിയും 1.25 ഏക്കർ നോൺ-സെസ് ഭൂമിയും 90 വർഷത്തേക്കു പാട്ടത്തിന് അനുവദിച്ചത്. പകരം ഭൂമിയായതിനാൽ 2016 മുതൽ കഴിഞ്ഞ 9 വർഷം 90 വർഷത്തെ പാട്ടക്കാലാവധിയിൽ നിന്ന് കുറയ്ക്കും. സിൽവർലൈൻ പദ്ധതിയിലെ അനിശ്ചിതത്വമാണ് ഇത്രയും കാലം നഷ്ടപ്പെടാൻ കാരണമായത്.