സഹകരണ മേഖലയിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ ടീം ഓഡിറ്റ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു.ഒരു ഓഡിറ്റർക്കു പകരം ഓഡിറ്റർമാരുടെ സംഘം ഓഡിറ്റ് നടത്തുന്നതാണ് ടീം ഓഡിറ്റ്. ഒരേ ഓഡിറ്റർ തുടർച്ചയായി ഒരേ സംഘത്തിൽ ഓഡിറ്റ് നടത്തുന്നത് ക്രമക്കേടുകൾക്കു കാരണമാകുന്നു എന്ന കണ്ടത്തലിനെ തുടർന്നാണ് ടീം ഓഡിറ്റ് പരീക്ഷിച്ചത്.പത്തനംതിട്ട, തൃശൂർ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തി യ ടീം ഓഡിറ്റ് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള ഓഡിറ്റ് ഡയറക്ടറുടെ നിർദേശം സർക്കാർ അംഗീകരിച്ചു. ഇതിനായി അടിസ്ഥാന സൗകര്യമൊരുക്കാൻ 5 കോടി രൂപയും അനുവദിച്ചു.
അതേസമയം സഹകരണ ഭേദഗതി നിയമം പാസാകുന്നതിനു മുൻപ് തിരക്കിട്ട് ടീം ഓഡിറ്റ് നടത്തുന്നതു കൊണ്ട് പ്രയോജനമില്ലെന്നാണ് ഓഡിറ്റർമാർ പറയുന്നത്. ഈ ബിൽ ഗവർണറുടെ പരിഗണനയിലാണ്. വരാനിരിക്കുന്ന നിയമപ്രകാരം ഓരോ ബാങ്കിന്റെയും മൂലധനത്തിനനുസരിച്ച് ഉയർന്ന തസ്തികയിലുള്ള ഓഡിറ്റർമാർ ഓഡിറ്റ് നടത്തണം. ആ നിയമം പ്രാബല്യത്തിലാകുന്നതിനു മുൻപ് ടീം ഓഡിറ്റ് നടപ്പാക്കിയാൽ വലിയ ബാങ്കുകളിലും ജൂനിയർമാരായ ഓഡിറ്റർമാരായിരിക്കും ഓഡിറ്റ് നടത്തേണ്ടി വരിക. ഇതുകൊണ്ടു പ്രയോജനമില്ലെന്നാണ് വാദം.ഒഴിഞ്ഞുകിടക്കുന്ന ഓഡിറ്റർ തസ്തികകൾ നികത്താതെ ടീം ഓഡിറ്റ് നടപ്പാക്കുന്നതിലും പ്രശ്നമുണ്ട്.

