സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുത്തനെ ഉയരുകയാണ്. കോഴിക്കോട് ബ്രോയിലര്‍ കോഴിയിറച്ചി കിലോയ്ക്ക് 290 രൂപയായി. വരും ദിവസങ്ങളിലും വില ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന. വന്‍കിട ഫാമുടമകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ചാണ് വില കുത്തനെ ഉയര്‍ത്തുന്നതെന്ന് ചെറുകിട വ്യാപാരികള്‍ ആരോപിച്ചു. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നും അവർ മുന്നറിയിപ്പ് നല്കി.
രണ്ടാഴ്ച മുന്‍പ് കോഴിക്കോട് ബ്രോയിലര്‍ കോഴിയിറച്ചിക്ക് കിലോയ്ക്ക് 200 രൂപയായിരുന്നു വില. ഇപ്പോള്‍ അത് 290 രൂപയായി ഉയര്‍ന്നു. ലഗോണ്‍ കോഴിയിറച്ചിയുടെ വില കിലോയ്ക്ക് 230 രൂപയായപ്പോള്‍, സ്പ്രിംഗ് കോഴിയിറച്ചി കിലോയ്ക്ക് 340 രൂപ വരെ എത്തിയിട്ടുണ്ട്. ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വന്‍കിട ഫാമുടമകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വര്‍ധിപ്പിക്കുകയാണെന്നാണ് വ്യാപാരികളുടെ ആരോപണം.
സംസ്ഥാനത്തിലെ ചില പ്രദേശങ്ങളില്‍ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, പുതുവത്സര ദിനത്തില്‍ കോഴിയിറച്ചി വില്പനയില് വലിയ വര്‍ധന രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിലക്കയറ്റം ഇങ്ങനെ തുടര്‍ന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഗുരുതരമായ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ആശങ്ക ഉയരുന്നു.സിവില്‍ സപ്ലൈസ് വകുപ്പ് അടിയന്തരമായി കര്‍ശന ഇടപെടല്‍ നടത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കട അടപ്പ് സമരത്തിലേക്ക് പോകുമെന്നും കോഴിക്കോട് ചിക്കന്‍ വ്യാപാരി വ്യവസായി സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

