സംസ്ഥാനത്തിന്റെ റവന്യൂ കുടിശിക 28,258 കോടി രൂപയെന്ന് റിപ്പോർട്ട്

സംസ്ഥാനത്തിന്റെ റവന്യൂ കുടിശിക 28,258 കോടി രൂപയെന്ന് സിഎജി. ഇതു സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 24.23 ശതമാനമാണ്. കുടിശിക തീർക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സിഎജി നിർദേശിച്ചു.

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് പിരിഞ്ഞു കിട്ടാനുള്ള കുടിശിക 13,410 കോടി രൂപയാണ്. മോട്ടർവാഹന വകുപ്പ്– 2868 കോടി, വൈദ്യുതി നികുതി– 3118 കോടി, റജിസ്ട്രേഷൻ– 590 കോടി, വനംവകുപ്പ്– 377 കോടി എന്നിങ്ങനെ നിരവധി വകുപ്പുകളിൽ കുടിശികയുണ്ട്. ഓഡിറ്റിന്റെ സന്ദർഭത്തിൽ മാത്രമാണ് വകുപ്പുകൾ കുടിശികയുടെ കണക്കുകൾ നൽകുന്നതെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. റവന്യൂവകുപ്പിന് യഥാസമയം കുടിശിക റിപ്പോർട്ടു ചെയ്യാത്തതും വകുപ്പുകൾ പിരിക്കാൻ നടപടി സ്വീകരിക്കാത്തതുമാണ് കുടിശിക വർധിക്കാൻ കാരണം. കോടതികളിലെ സ്റ്റേ ഒഴിവാക്കാനും വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നും സിഎജി നിർദേശിച്ചു.

ട്രാൻസ്പോർട്ട് ഓഫിസുകളിലെ ഉദ്യോഗസ്ഥർ ഡേറ്റ ബേസിലെ രേഖകളിൽ അടിസ്ഥാന പരിശോധന നടത്താത്തതിനാൽ 72.98 കോടിയുടെ നികുതി ചുമത്തിയില്ല. 2021–22ൽ സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനം 1,16,640 കോടി രൂപയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 19,023 കോടി രൂപയുടെ വർധനവുണ്ടായി. 2021–22ൽ നികുതിയേതര വരുമാനം മുന്‍വർഷത്തെ അപേക്ഷിച്ച് 3135 കോടി രൂപ വർധിച്ചു. നികുതിയേതര വരുമാനത്തിന്റെ വർധനയ്ക്ക് കാരണം സംസ്ഥാന ലോട്ടറിയാണെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.