പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ ഇറാൻ സാമ്പത്തികമായി ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്ന സൂചനയായി, ഒരു കോടി ഇറാനിയൻ റിയാൽ മൂല്യമുള്ള പുതിയ കറൻസി നോട്ട് പുറത്തിറക്കി. രാജ്യത്ത് ഇതുവരെ പുറത്തിറക്കിയ ഏറ്റവും ഉയർന്ന മൂല്യമുള്ള നോട്ടാണിത്. എന്നാൽ ഇതിന്റെ യഥാർത്ഥ മൂല്യം ഏകദേശം 7 യുഎസ് ഡോളറിനും (ഏകദേശം 650 ഇന്ത്യൻ രൂപ) സമാനമാണെന്നത് പണപ്പെരുപ്പത്തിന്റെ ഗുരുതരത്വം വ്യക്തമാക്കുന്നു.
ഇറാനിൽ ഉയർന്ന പണപ്പെരുപ്പവും വിലക്കയറ്റവും ജനജീവിതത്തെ കനത്ത രീതിയിൽ ബാധിച്ചതോടെയാണ് വ്യാപക പ്രതിഷേധങ്ങൾ ഉയർന്നത്. ‘ജനറേഷൻ Z’ ഉൾപ്പെടെയുള്ള യുവജനങ്ങളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് യുഎസും ഇസ്രയേലും ഇടപെടൽ സൂചനകൾ നൽകിയതും പിന്നീട് യുദ്ധാവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയതും. യുദ്ധം തുടങ്ങിയത് സാമ്പത്തിക സമ്മർദം കൂടുതൽ വർധിപ്പിച്ചു.വിലക്കയറ്റം അതിരൂക്ഷമായതിനാൽ സാധാരണ സാധനങ്ങൾ വാങ്ങാൻ പോലും വലിയ തോതിൽ നോട്ടുകൾ ആവശ്യമായ സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. ഇതിന് പരിഹാരമായാണ് ഉയർന്ന മൂല്യമുള്ള കറൻസി പുറത്തിറക്കിയതെന്ന് ഇറാൻ വ്യക്തമാക്കുന്നു. മുമ്പ് ഏറ്റവും വലിയ മൂല്യമുള്ളത് 50 ലക്ഷം റിയാലിന്റെ നോട്ടായിരുന്നു.
യുദ്ധഭീതിയെ തുടർന്ന് ബാങ്ക്, ഡിജിറ്റൽ ഇടപാടുകൾ തടസപ്പെടാമെന്ന ആശങ്കയിൽ ജനങ്ങൾ വലിയ തോതിൽ പണം പിൻവലിക്കുന്നതും സ്ഥിതി വഷളാക്കി. എടിഎമ്മുകൾക്കും ബാങ്കുകൾക്കും മുന്നിൽ നീണ്ട നിരകൾ രൂപപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. പലരും ബാങ്കിലെ നിക്ഷേപങ്ങൾ പണമായി കൈവശം സൂക്ഷിക്കാൻ ശ്രമിക്കുന്നതോടെ കറൻസി ക്ഷാമ സാധ്യതയും ഉയർന്നിട്ടുണ്ട്.സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തലിൽ, ഇത്തരത്തിലുള്ള ഉയർന്ന മൂല്യമുള്ള കറൻസി പുറത്തിറക്കുന്നത് ഒരു രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയുടെ സൂചനയാണ്. കറൻസിയുടെ വാങ്ങൽ ശേഷി കുറഞ്ഞതായി കേന്ദ്രബാങ്ക് പരോക്ഷമായി സമ്മതിക്കുന്നതുമാണ് ഇത്. കൂടാതെ, ഇത്തരത്തിലുള്ള നോട്ടുകൾ അനധികൃത ഇടപാടുകൾക്കായി ഉപയോഗിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണെന്ന് മുന്നറിയിപ്പുണ്ട്.
വർഷങ്ങളായി പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന ഇറാന്റെ സാമ്പത്തിക സ്ഥിതി ഇതിനകം തന്നെ ദുർബലമായിരുന്നു. ക്രൂഡ് ഓയിൽ വരുമാനം കുറഞ്ഞതും പണപ്പെരുപ്പം ഉയർന്നതും സാമ്പത്തിക മേഖലയെ ബാധിച്ചു. കഴിഞ്ഞ വർഷം ഇസ്രയേലുമായി നടന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാനിയൻ റിയാലിന്റെ മൂല്യം ഏകദേശം 40 ശതമാനം കുറഞ്ഞിരുന്നു. നിലവിലെ സംഘർഷത്തോടെ ഡോളറിനെതിരെ വിനിമയ നിരക്ക് 16.6 ലക്ഷം റിയാൽ വരെ താഴ്ന്നു. വാർഷിക പണപ്പെരുപ്പം 47.5 ശതമാനവും ഭക്ഷ്യവിലക്കയറ്റം 105 ശതമാനവും ആയതായി കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, ക്രൂഡ് ഓയിൽ വ്യാപാരത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് 30 ദിവസത്തേക്ക് ഇളവ് നൽകിയ യുഎസ് തീരുമാനം ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് താത്കാലിക ആശ്വാസമാകാമെന്ന വിലയിരുത്തലുണ്ട്. നിലവിൽ ഷാഡോ ഫ്ളീറ്റിന്റെ സഹായത്തോടെ കുറഞ്ഞ വിലയ്ക്ക് ചൈന പോലുള്ള രാജ്യങ്ങൾക്ക് എണ്ണ വിൽക്കുന്ന ഇറാൻ, ഈ ഇളവോടെ വിപണി വിലയ്ക്ക് വിൽപ്പന നടത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. ഇതിലൂടെ വിദേശനാണ്യ വരുമാനം വർധിക്കാനും റിയാലിന്റെ നില മെച്ചപ്പെടാനും സാധ്യതയുണ്ടെന്ന് ചില വിദഗ്‌ധർ പറയുന്നു.എന്നാൽ, ഇതിനകം കപ്പലുകളിൽ ലോഡ് ചെയ്ത എണ്ണയ്ക്കാണ് ഈ ഇളവ് ബാധകമെന്നും പുതിയ ഉൽപാദനത്തിന് വിലക്ക് തുടരുമെന്നും യുഎസ് വ്യക്തമാക്കിയ സാഹചര്യത്തിൽ, ഈ നടപടി ഇറാനെ വലിയ രീതിയിൽ സഹായിക്കില്ലെന്ന ആശങ്കയും നിലനിൽക്കുന്നു.
