ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ; വിശദപഠനം വേണമെന്ന് കേന്ദ്രം

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ നൽകണമെന്ന സുപ്രീം കോടതി വിധി സാമ്പത്തികവും അല്ലാത്തതുമായ ബാധ്യതകളുണ്ടാക്കുന്നതിനാൽ വിശദ പഠനം വേണമെന്നു കേന്ദ്ര സർക്കാർ.

സുപ്രീം കോടതി ഉത്തരവു നടപ്പാക്കാൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) മാർഗനിർദേശം ഉടൻ നൽകുമോയെന്ന ചോദ്യത്തിന് ‘ഉത്തരവ് വിശദമായി പഠിച്ചുവരികയാണ്’ എന്നായിരുന്നു തൊഴിൽ മന്ത്രാലയത്തിന്റെ മറുപടി. അതിനിടെ, മിനിമം പിഎഫ് പെൻഷൻ തുക 2000 രൂപയായി വർധിപ്പിക്കാൻ ഉന്നതതല സമിതി ശുപാർശ ചെയ്തിട്ടുണ്ടെന്നും തീരുമാനമെടുത്തില്ലെന്നും തൊഴിൽ സഹമന്ത്രി രാമേശ്വർ തേലി മറുപടി നൽകി.

2014 സെപ്റ്റംബർ ഒന്നിനുശേഷം വിരമിച്ചവരും ഇപ്പോഴും സർവീസിൽ തുടരുന്നവരുമായ ആളുകൾക്കു കോടതി ഉത്തരവുപ്രകാരം ഓപ്ഷന് അപേക്ഷിക്കാൻ ഇപിഎഫ്ഒ നടപടികളെടുക്കുന്നുണ്ടോയെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി ലഭിച്ചില്ല. അവരെല്ലാം 15,000 രൂപ ഉയർന്ന ശമ്പളപരിധി എന്ന ഭേദഗതിക്കു വിധേയമായി പെൻഷൻ പദ്ധതിയിൽ അംഗങ്ങളാണെന്നും ഓപ്ഷൻ നൽകാത്തവർക്കു സുപ്രീം കോടതി നാലുമാസം സമയം അനുവദിച്ചിട്ടുണ്ടെന്നും മാത്രമായിരുന്നു മറുപടി