കരിയറിലെ അടുത്ത പാന്‍–ഇന്ത്യന്‍ ചിത്രത്തിന് തുടക്കം കുറിച്ച് ദുല്‍ഖര്‍ സല്മാന്. തെലുങ്ക് നവാഗത സംവിധായകന് രവി നീലക്കുഡിതി സംവിധാനം ചെയ്യുന്ന ഈ ചിത്രം തമിഴ്, മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യും. എസ്എല്‍വി സിനിമാസ് ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് നിര്‍മ്മാണം. ദുല്‍ഖറിന്റെ 41-ാം സിനിമയായതിനാല്‍ വര്‍ക്കിംഗ് ടൈറ്റില്‍ ‘ഡിക്യു 41’ എന്നാണ്. പൂജ ചടങ്ങുകള്‍ക്കൊടുവില്‍ ഇന്ന് ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
ചിത്രത്തിന് സംഗീതം നല്‍കുന്നത് ജി.വി. പ്രകാശ് കുമാര്‍ ആണ്. ലക്കി ഭാസ്കറിന് ശേഷം ദുല്‍ഖറിന് സംഗീതം നല്കുന്ന രണ്ടാം ചിത്രം കൂടിയാണിത്. അനയ് ഗോസ്വാമിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കൊല്ല അവിനാഷ് പ്രൊഡക്ഷന്‍ ഡിസൈന്‍ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് തെലുങ്ക് താരം നാനി നിര്‍വഹിച്ചു. സംവിധായകരായ ബുച്ചി ബാബു സനയും ശ്രീകാന്ത് ഒഡേലയും ചടങ്ങില്‍ പങ്കെടുത്തു.ഗുണ്ണം സന്ദീപ്, രമ്യ ഗുണ്ണം, നാനി എന്നിവര്‍ തിരക്കഥ പ്രതീകാത്മകമായി കൈമാറി ചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കം കുറിച്ചു. ദുല്‍ഖറിന്റെ 41-ാം ചിത്രമായ ഇത് എസ്എല്‍വി സിനിമാസിന്റെ പത്താമത്തെ നിര്‍മ്മിതിയാണ്.

