രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ തുടർച്ചയായ 12-ാം മാസവും കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു. ഡിസംബറിൽ ദേശീയതലത്തിൽ റീട്ടെയ്ൽ പണപ്പെരുപ്പം മുൻമാസത്തെ 0.71 ശതമാനത്തിൽ നിന്ന് 1.33 ശതമാനമായി ഉയർന്നപ്പോൾ, കേരളത്തിൽ ഇത് 9.49 ശതമാനത്തിലെത്തി. നവംബറിലെ 8.27 ശതമാനത്തിൽ നിന്ന് വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. രണ്ടാമതുള്ള കർണാടകയിൽ പോലും പണപ്പെരുപ്പം 2.99 ശതമാനത്തിൽ ഒതുങ്ങുന്നു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് റീട്ടെയ്ൽ പണപ്പെരുപ്പം 4 ശതമാനത്തിനുള്ളിൽ നിലനിർത്തുന്നതാണ് അഭികാമ്യമെന്ന് റിസർവ് ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത് 6 ശതമാനം വരെ ഉയർന്നാലും ആശങ്കാജനകമല്ലെങ്കിലും, കേരളത്തിൽ ഏതാനും മാസങ്ങളായി ഈ നിയന്ത്രണപരിധി മറികടന്ന് വിലക്കയറ്റം കുതിച്ചുയരുകയാണ്. 2025 ജനുവരി മുതൽ രാജ്യത്ത് ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കുള്ള സംസ്ഥാനം കേരളമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
മുൻവർഷത്തോട് താരതമ്യപ്പെടുത്തി ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വില വർധിച്ച തോതിനെയാണ് റീട്ടെയ്ൽ പണപ്പെരുപ്പമായി കണക്കാക്കുന്നത്. പട്ടികയിൽ മൂന്നാം സ്ഥാനത്ത് ആന്ധ്രപ്രദേശാണ് (2.71%). തമിഴ്നാട് 2.67 ശതമാനവുമായി നാലാമതും, 2.26 ശതമാനവുമായി ജമ്മു–കശ്മീർ അഞ്ചാം സ്ഥാനത്തുമുണ്ട്.
അതേസമയം, ബിഹാർ (-1.37%), അസം (-1.25%), ഒഡീഷ (-0.99%), ഉത്തർപ്രദേശ് (-0.66%), മധ്യപ്രദേശ് (-0.25%), ഹരിയാന (-0.10%) തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പണപ്പെരുപ്പം ഏറ്റവും കുറവ് രേഖപ്പെടുത്തിയത്.
ഉപഭോക്തൃ കേന്ദ്രീകൃത സമ്പദ്വ്യവസ്ഥയുള്ള സംസ്ഥാനമാണെന്നതാണ് കേരളത്തിൽ വിലക്കയറ്റം ഉയർന്നുനിൽക്കാനുള്ള പ്രധാന കാരണമെന്ന വിലയിരുത്തൽ. പച്ചക്കറികൾ ഉൾപ്പെടെ വലിയൊരു പങ്ക് നിത്യോപയോഗ സാധനങ്ങളും കേരളം മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് ആശ്രയിക്കുന്നത്. ഇതോടൊപ്പം സ്വർണവിലയിലെ വൻ കുതിപ്പും, രാജ്യത്ത് ആളോഹരി സ്വർണ ഉപഭോഗത്തിൽ കേരളം മുന്നിലാണെന്നതും പണപ്പെരുപ്പം ഉയരാൻ കാരണമാകുന്നു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വേതനനിരക്കുകളും പ്രവാസിപ്പണത്തിന്റെ വലിയ ഒഴുക്കും കേരളത്തിലെ ആവശ്യകത വർധിപ്പിക്കുകയും അതുവഴി വിലക്കയറ്റം കൂടുതൽ രൂക്ഷമാകുകയും ചെയ്യുന്നതായാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

