വിദ്യാഭ്യാസ കച്ചവടമെന്ന വിപത്തിനെതിരെ കഥ പറയുന്ന ധനുഷ് ചിത്രം ‘വാത്തി’ക്ക് ഗംഭീര വരവേൽപ്.

മിഴിലെ യുവ താരങ്ങളിൽ ഏറെ ശ്രദ്ധേയനായ ധനുഷ് ഈ വര്‍ഷം ‘വാത്തി’യുമായെത്തി തിയേറ്ററുകള്‍ അടക്കി ഭരിക്കുകയാണ്. വിദ്യാഭ്യാസ കച്ചവടമെന്ന വിപത്തിനെതിരെ പോരാടുന്നൊരു അധ്യാപകനും കുട്ടികളും തമ്മിലുള്ള അഭേദ്യമായ ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രം ഏറെ സാമൂഹിക പ്രസക്തമായൊരു വിഷയത്തെ അവതരിപ്പിച്ച് പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയത്തിൽ ചേക്കേറിയിരിക്കുകയാണ്.  യുവ ജനങ്ങളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ചിരിക്കുകയാണ് വാത്തിയെന്നാണ് ബോക്സോഫീസ് കണക്കുകളൽ നിന്ന് അറിയാനാകുന്നത്.

വാത്തി എന്ന പേരിൽ തമിഴിലും സ‍‍ർ എന്ന പേരിൽ തെലുങ്കിലും ഒരേ സമയം പ്രദര്‍ശനത്തിനെത്തിയിരിക്കുന്ന ചിത്രം തോളി പ്രേമ, മിസ്റ്റർ മജ്നു, രംഗ് ദേ തുടങ്ങിയ തെലുങ്കിലെ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ വെങ്കി അറ്റ്ലൂരിയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം തമിഴ്നാടിന് പുറമെ ആഗോള ബോക്സോഫീസിലും മികച്ച കളക്ഷനാണ് നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

കോളിവുഡിലെ ഈ വര്‍ഷത്തെ ഹിറ്റുകളുടെ നിരയിൽ ചിത്രം ഇടംപിടിക്കുമെന്നാണ് റിലീസ് ചെയ്ത ശേഷമുള്ള ആദ്യ മൂന്ന് ദിനങ്ങളിലെ ജനങ്ങളുടെ പ്രതികരണം സൂചിപ്പിക്കുന്നത്. ഹൗസ്‍ഫുൾ ഷോകളുമായാണ് ചിത്രം മുന്നേറുന്നത്. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ പോസിറ്റീവ് അഭിപ്രായങ്ങള്‍ ലഭിച്ചതോടെ ബോക്സ് ഓഫീസിലെ ആദ്യ ആഴ്ചയിൽ ചിത്രം മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.