വാര്‍ഷിക ഫാസ്‌ടാഗ് പേരില്‍ സൈബര്‍ തട്ടിപ്പ് വ്യാപകം; ഗൂഗിള്‍ ലിങ്കുകളില്‍ ജാഗ്രത പാലിക്കണം

ദേശീയ പാതകളിലൂടെ നിരന്തരം സഞ്ചരിക്കുന്ന വാഹന ഉടമകള്‍ക്ക് ആശ്വാസമായി അവതരിപ്പിച്ച വാര്‍ഷിക ഫാസ്‌ടാഗ് പാസ് ഇപ്പോള്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് പുതിയ ആയുധമായി മാറിയിരിക്കുകയാണ്. ഫാസ്‌ടാഗിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റുകളും ആപ്പുകളും സൃഷ്ടിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് National Highways Authority of India (എന്‍എച്ച്എഐ) തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തി.

വാര്‍ഷിക ഫാസ്‌ടാഗ് പാസിന് 3,000 രൂപയാണ് ഫീസ്. ഒരു വര്‍ഷത്തില്‍ 200 യാത്രകള്‍ വരെ ഈ പാസ് ഉപയോഗിച്ച് നടത്താം. ഒരു ടോള്‍ കടക്കാന്‍ ശരാശരി 15 രൂപ മാത്രമാണ് വരുന്നത്. ദേശീയ പാതകളിലെ സാധാരണ ടോള്‍ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് സ്വകാര്യ വാഹന ഉടമകള്‍ക്ക് വലിയ ലാഭമാണ്. വാണിജ്യ വാഹനങ്ങള്‍ക്ക് ഈ സൗകര്യം ബാധകമല്ല.

തട്ടിപ്പ് എങ്ങനെ നടക്കുന്നു?

വാര്‍ഷിക പാസിന് ലഭിച്ച വലിയ സ്വീകാര്യതയാണ് തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുന്നത്. ഔദ്യോഗികമെന്ന തോന്നല്‍ സൃഷ്ടിക്കുന്ന വ്യാജ വെബ്‌സൈറ്റുകള്‍ തയ്യാറാക്കി ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങളില്‍ മുന്‍നിരയില്‍ എത്തിക്കുന്നതാണ് പ്രധാന തന്ത്രം. പണമടച്ച പരസ്യങ്ങളുടെയും കൃത്രിമ എസ്‌ഇഒ മാര്‍ഗങ്ങളുടെയും സഹായത്തോടെയാണ് ഇവ മുന്നില്‍ എത്തുന്നത്. ഉപയോക്താവ് ഈ വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ തന്നെ തട്ടിപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകും.ഇത്തരത്തിലുള്ള സൈറ്റുകളില്‍ 3,000 രൂപ അടച്ചാല്‍ പണം നഷ്ടമാകുന്നതിനൊപ്പം വാഹന വിവരങ്ങളും വ്യക്തിഗത വിവരങ്ങളും തട്ടിപ്പുകാര്‍ കൈക്കലാക്കും. നിരവധി പേര്‍ ഇതിനകം ഇരകളായതോടെ എന്‍എച്ച്എഐ വിശദമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ഔദ്യോഗിക മാര്‍ഗം ഏത്?

എന്‍എച്ച്എഐയുടെ അറിയിപ്പനുസരിച്ച് വാര്‍ഷിക ഫാസ്‌ടാഗ് പാസുകള്‍ ലഭ്യമാകുന്നത് Rajmarg Yatra മൊബൈല്‍ ആപ്പ് വഴിമാത്രമാണ്. മറ്റ് വെബ്‌സൈറ്റുകള്‍, സോഷ്യല്‍മീഡിയ പേജുകള്‍, വാട്‌സ്ആപ്പ്/ടെലഗ്രാം ലിങ്കുകള്‍, മൂന്നാംകക്ഷി ഏജന്റുമാര്‍ എന്നിവ വഴി നല്‍കുന്ന പാസുകള്‍ക്ക് ഔദ്യോഗിക അംഗീകാരമില്ല.
എന്‍എച്ച്എഐയുടെ ഔദ്യോഗിക സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലും മുന്നറിയിപ്പ് സന്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനധികൃത ലിങ്കുകള്‍ വഴി പാസ് എടുക്കാന്‍ ശ്രമിക്കുന്നതിലൂടെ സാമ്പത്തിക നഷ്ടവും വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗവും സംഭവിക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ചെയ്യേണ്ടത്

വാര്‍ഷിക ഫാസ്‌ടാഗ് എടുക്കാന്‍ Rajmarg Yatra ആപ്പ് മാത്രം ഉപയോഗിക്കുക.

ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങളില്‍ കാണുന്ന സംശയകരമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക.

ഔദ്യോഗികമല്ലാത്ത സൈറ്റുകളില്‍ വാഹന വിവരങ്ങളോ ബാങ്ക് വിവരങ്ങളോ നല്‍കരുത്.

സംശയാസ്പദമായ തട്ടിപ്പ് ശ്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ സൈബര്‍ സുരക്ഷാ അധികൃതരെ അറിയിക്കുക.

ഓണ്‍ലൈനില്‍ സൗകര്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ അതിനൊപ്പം തട്ടിപ്പുകളും വളരുന്നു. അതിനാല്‍ ഔദ്യോഗിക മാര്‍ഗങ്ങള്‍ മാത്രം ആശ്രയിക്കുന്നതിലൂടെ തന്നെ ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാനാകുമെന്ന് എന്‍എച്ച്എഐ ഓര്‍മിപ്പിക്കുന്നു.