വച്ചുമറന്ന വസ്തുക്കൾ കണ്ടെത്താം; കൂടുതൽ കൃത്യതയാർന്ന ഫൈൻഡിങ് ശേഷിയോടെ പുതിയ എയർടാഗ്

വച്ചുമറക്കുന്ന വസ്തുക്കൾ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന സെക്കൻഡ് ജനറേഷൻ എയർടാഗ് (AirTag 2) ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ച് ആപ്പിൾ. ഐഫോൺ 17 സീരിസിൽ ഉൾപ്പെടുത്തിയിരിക്കുന്ന രണ്ടാം തലമുറ അൾട്രാ വൈഡ്ബാൻഡ് (UWB) ചിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ എയർടാഗ്. ആദ്യ തലമുറയെ അപേക്ഷിച്ച് കൂടുതൽ കൃത്യതയുള്ള ഫൈൻഡിങ് ശേഷി ഇതിനുണ്ടെന്ന് ആപ്പിൾ വ്യക്തമാക്കി. നൂതന ബ്ലൂടൂത്ത് സാങ്കേതികവിദ്യയും പുതിയ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എയർടാഗ് എന്തിന്?

വാഹനത്തിന്റെ താക്കോൽ, ബാഗ്, പേഴ്സ് തുടങ്ങിയ ദിവസേന ഉപയോഗിക്കുന്ന പ്രധാന വസ്തുക്കളിൽ എയർടാഗ് ഘടിപ്പിച്ചാൽ, അവ എവിടെയെങ്കിലും കാണാതായാൽ ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഉപകരണങ്ങൾ ഉപയോഗിച്ച് കൃത്യമായി കണ്ടെത്താൻ കഴിയും.ഐഫോൺ 17-നൊപ്പം ഐഫോൺ എയർ, ആപ്പിൾ വാച്ച് അൾട്രാ 3 എന്നിവയിലും ഉൾപ്പെടുത്തിയിരിക്കുന്ന അൾട്രാ വൈഡ്ബാൻഡ് ചിപ്പ് അതീവ കൃത്യതയുള്ള ട്രാക്കിങ് സാധ്യമാക്കുന്നതാണെന്ന് കമ്പനി പറയുന്നു.

സ്പർശ, ദൃശ്യ, ശ്രവണ ഫീഡ്ബാക്കുകൾ വഴി കാണാതായ വസ്തു എവിടെയുണ്ടെന്ന് എയർടാഗ് അറിയിക്കും. ആദ്യ തലമുറയെ അപേക്ഷിച്ച് 50 ശതമാനം കൂടുതൽ ദൂരത്ത് കിടക്കുന്ന വസ്തുക്കൾ പോലും കണ്ടെത്താൻ കഴിയുന്നതാണ് പ്രധാന നേട്ടം. ശബ്ദ മുന്നറിയിപ്പിന്റെ ശക്തിയും ഇരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്.
വീട് വിട്ട് പുറത്തിറങ്ങുമ്പോൾ കാറിന്റെയോ ബൈക്കിന്റെയോ താക്കോൽ തേടി സമയം കളയേണ്ടി വരുന്നവർക്ക് എയർടാഗ് ഏറെ പ്രയോജനപ്പെടും.

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക്?

ആൻഡ്രോയിഡ് ഉപകരണങ്ങളിൽ എയർടാഗ് പെയർ ചെയ്യാൻ സാധിക്കില്ല. പകരമായി സാംസങ് ഗ്യാലക്സി സ്മാർട്ട്ടാഗ് 2, ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് / ഫൈൻഡ് ഹബ്, മോട്ടറോള മോട്ടോ ടാഗ് തുടങ്ങിയ ട്രാക്കറുകൾ ഉപയോഗിക്കാം.

സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം

ആദ്യ തലമുറ എയർടാഗ് ഉപയോഗിച്ച് അനുവാദമില്ലാത്ത ട്രാക്കിങ് (സ്റ്റോക്കിങ്) നടന്നുവെന്ന പരാതികൾ പരിഹരിച്ച ശേഷമാണ് പുതിയ തലമുറ അവതരിപ്പിച്ചിരിക്കുന്നതെന്ന് ആപ്പിൾ വ്യക്തമാക്കി.
ഐഓഎസിലെ ‘ഷെയർ ഐറ്റം ലൊക്കേഷൻ’ ഫീച്ചറും പുതിയ എയർടാഗിൽ ഉപയോഗിക്കാം.

ഉപയോഗിക്കാൻ ആവശ്യമായ ഉപകരണങ്ങൾ

• iOS 26 അല്ലെങ്കിൽ അതിന് മുകളിലുള്ള ഐഒഎസ് പതിപ്പ് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ
• സാധുവായ ആപ്പിൾ അക്കൗണ്ട്
• ആപ്പിൾ വാച്ചിൽ പ്രിസിഷൻ ഫൈൻഡിങ് ഉപയോഗിക്കാൻ ആപ്പിൾ വാച്ച് സീരിസ് 9, അൾട്രാ 2 അല്ലെങ്കിൽ അതിന് ശേഷമുള്ള മോഡലുകൾ
• iCloud അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിരിക്കണം

വാങ്ങൽ, വില വിവരങ്ങൾ

ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റിലും Apple Store ആപ്പിലൂടെയും, ഓതറൈസ്ഡ് റീസെല്ലർമാർ വഴിയും എയർടാഗ് വാങ്ങാം.ആപ്പിൾ വെബ്സൈറ്റിൽ നിന്ന് വാങ്ങുന്നവർക്ക് സ്വന്തം പേരോ ചിഹ്നങ്ങളോ കൊത്തിവയ്ക്കുന്ന പെഴ്സണലൈസ്ഡ് എൻഗ്രേവിങ് സൗജന്യമായി ലഭിക്കും.
• ഒറ്റ എയർടാഗിന്റെ എംആർപി: ₹3,790
• നാലെണ്ണം അടങ്ങിയ പാക്ക്: ₹12,900

കീ റിങ്
ആപ്പിൾ ഡിസൈൻ ചെയ്ത എയർടാഗ് കീ റിങ് പ്രത്യേകം വാങ്ങാൻ ലഭിക്കും. ഇതിന്റെ വില ₹3,900 ആണ്.