‘ലോക്കൽ ബിസിനസ് ലിസ്റ്റിങ്’ കസ്റ്റമേഴ്സ് നിങ്ങളെ തേടിവരും

സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, പേര്, വിലാസം, ഗൂഗിൾ മാപ് ലൊക്കേഷൻ, ഫോൺ നമ്പർ, വെബ്‌സൈറ്റ്, പ്രവർത്തന സമയം, മറ്റു പ്രസക്തമായ വിശദാംശങ്ങൾ എന്നിവ നൽകുന്ന ഒരു ഓൺലൈൻ പ്രൊഫൈലാണ് ‘ലോക്കൽ ബിസിനസ് ലിസ്റ്റിങ്’. ഉപഭോക്താക്കളെ ജിപിഎസ് സഹായത്തോടെ സ്ഥാപനങ്ങളെ/ ബിസിനസുകളെ കണ്ടെത്താൻ സഹായിക്കുകയാണു പ്രാഥമിക ലക്ഷ്യം.

ഒരു സ്ഥലത്തേക്ക് ആദ്യമായി യാത്ര ചെയ്യുന്നയാൾക്ക് അവിടത്തെ ഹോട്ടലുകളെക്കുറിച്ചു ധാരണയുണ്ടാകണം എന്നില്ല. അപ്പോൾ ഗൂഗിളിൽ ‘hotels near ’ എന്നു തിരഞ്ഞാൽ ഒരു നിശ്ചിത പരിധിക്കുള്ളിലുള്ള ഹോട്ടലുകളുടെ വിവരങ്ങൾ ലഭിക്കും. ലോക്കൽ ബിസിനസ് ലിസ്റ്റിങ് ചെയ്തിട്ടുള്ള ഹോട്ടലുകളുടെ വിവരങ്ങൾ ആകും ഇങ്ങനെ വരിക. ലിസ്റ്റ് ചെയ്തില്ലെങ്കിൽ ഇങ്ങനെയൊരു സംരംഭം പ്രവർത്തിക്കുന്നുണ്ട് എന്നു പോലും ആരുമറിയില്ല.

ഗൂഗിൾ മൈ ബിസിനസ്

ഗൂഗിൾ മൈ ബിസിനസ് ഈ രംഗത്തെ കുത്തകയാണെന്നുതന്നെ പറയാം. ഗൂഗിൾ മാപ്പുമായി ചേർന്നു മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നതും പ്രീതി കൂട്ടുന്നു.ഗൂഗിൾ മൈ ബിസിനസ് തീർത്തും സൗജന്യമാണ്. ഇതിനായി ഗൂഗിൾ മൈ ബിസിനസ് പേജിൽ കയറി (https://www.google.com/business/) ജി–മെയിൽ ഐഡി ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക. ശേഷം സംരംഭത്തിന്റെ പേര്, വിഭാഗം, കൃത്യമായ ലൊക്കേഷൻ, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ നൽകുക. ഗൂഗിളിന്റെ പരിശോധനകൂടി കഴിഞ്ഞാൽ സംരംഭം ലിസ്റ്റ് ചെയ്യപ്പെടും. ഇതിനു പ്രത്യേകം രേഖകളൊന്നും ആവശ്യമില്ലെങ്കിലും ഇന്ത്യയുൾപ്പെടെയുള്ള രാഷ്ട്രങ്ങളിൽ ഫോൺ നമ്പർ ഉൾപ്പെടുത്തണമെങ്കിൽ സംരംഭവുമായി ബന്ധപ്പെട്ട ഏതെങ്കിലും രേഖകൾ നൽകേണ്ടിവരും.

ശ്രദ്ധിക്കണം?

ചിത്രങ്ങളും വിഡിയോകളും നൽകാനുള്ള അവസരം ലോക്കൽ ബിസിനസ് ലിസ്റ്റിങ്ങിലുണ്ട്. നിലവാരമുള്ള മികച്ച ചിത്രങ്ങൾ നൽകുക. ‌ വിവരങ്ങളെല്ലാം കൃത്യമെന്ന് ഉറപ്പാക്കണം. ഉപഭോക്താവിന് റേറ്റിങ്ങും നിരൂപണവും നൽകാനുള്ള അവസരം ഇത്തരം ലിസ്റ്റിങ്ങുകളിലുണ്ട്. അതുകൊണ്ടുതന്നെ മികച്ച സേവനം അനിവാര്യമാണ്. ഒപ്പം ബിസിനസ് ലിസ്റ്റിങ് പ്രൊഫൈലിൽ വരുന്ന പരാതികൾക്കു കൃത്യമായ മറുപടി നൽകുകയും പരിഹാരം കാണുകയും വേണം