‘ലിസ്റ്റഡ്’ ബാങ്കുകളുടെ നിരയിലേക്ക് കേരളത്തിൽനിന്നുള്ള ഇസാഫ്

രാജ്യത്തെ ‘ലിസ്റ്റഡ്’ ബാങ്കുകളുടെ നിരയിലേക്ക് കേരളത്തിൽനിന്നുള്ള ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും. സ്റ്റോക് എക്സ്ചേഞ്ചുകളിലെ ലിസ്റ്റിങ്ങിനു മുന്നോടിയായി നടത്തിയ ഓഹരികളുടെ ആദ്യ പൊതു വിൽപനയ്ക്കു (ഐപിഒ) നിക്ഷേപകരിൽനിന്നു ഭീമമായ പിന്തുണ. ഓഹരിക്ക് അപേക്ഷിച്ചവരുടെ എണ്ണം 77.02 ഇരട്ടി.ഓഹരികളുടെ അലോട്മെന്റ് നാളെ നടക്കുമെന്നാണു സൂചന. 10ന് എൻഎസ്‌ഇയിലും ബിഎസ്ഇയിലും ലിസ്റ്റിങ് നടന്നേക്കും.

ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സിഎസ്ബി ബാങ്ക് എന്നിവയാണു നിലവിൽ കേരളത്തിൽനിന്നുള്ള ലിസ്റ്റഡ് ബാങ്കുകൾ.

തൃശൂർ ജില്ലയിലെ മണ്ണുത്തിയിൽ 1992ൽ ആരംഭിച്ച ഇവാൻജലിക്കൽ സോഷ്യൽ ആക്‌ഷൻ ഫോറം 1995ൽ മൈക്രോഫിനാൻസ് സംരംഭമായും 2017ൽ സ്മോൾ ഫിനാൻസ് ബാങ്കായും മാറുകയായിരുന്നു. 2018ൽ ഷെഡ്യൂൾഡ് ബാങ്കുകളുടെ പട്ടികയിലേക്കുയർന്നു. ഇന്ന് 56 ലക്ഷം ഇടപാടുകാരുണ്ട്. നാലായിരത്തിലേറെ ജീവനക്കാരുള്ള ബാങ്കിനു രാജ്യത്തെ 700 സ്ഥലങ്ങളിലാണു സാന്നിധ്യം. അത്യാധുനിക ബാങ്കിങ് സേവനങ്ങൾ ലക്ഷ്യമാക്കുന്നതിൽ വൻകിട ബാങ്കുകൾക്കൊപ്പംതന്നെയാണ് ഇസാഫിന്റെ സ്ഥാനം.