റഷ്യൻ എണ്ണ ഇറക്കുമതി: സൗദിയും ഇറാഖും വഴിയായി റിലയൻസ്;

റഷ്യൻ എണ്ണ ഇറക്കുമതിയെച്ചൊല്ലി കേന്ദ്രസർക്കാർ ഇപ്പോഴും മൗനം പാലിക്കുകയാണ്. യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ എന്നിവയ്ക്ക് പിന്നാലെ അമേരിക്കയും റഷ്യൻ എണ്ണ കമ്പനികൾക്കെതിരെ ഉപരോധം പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ ഇറക്കുമതി നയം തിരിച്ചറിയലിന്റെ വഴിത്തിരിവിലാണ്.കേന്ദ്രത്തിന്റെ നിർദേശപ്രകാരമാകും തുടർനടപടികൾ എന്ന നിലപാട് പൊതുമേഖലാ എണ്ണകമ്പനികളും റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികളും വ്യക്തമാക്കിയിട്ടും ഇതുവരെ സർക്കാരിന്റെ പ്രതികരണം വന്നിട്ടില്ല. എന്നാൽ തീരുമാനങ്ങളുടെ സ്വാതന്ത്ര്യം എണ്ണ കമ്പനിയ്ക്ക് നല്കിയേക്കാമെന്ന സൂചനകൾ സർക്കാർ നിലപാടിൽ നിന്നുണ്ട്.

യൂറോപ്യൻ നിയന്ത്രണങ്ങൾ മാനിക്കുന്നതായും, കേന്ദ്രം നൽകുന്ന മാർഗനിർദേശങ്ങൾ ഉണ്ടെങ്കിൽ പാലിക്കുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് അറിയിച്ചു. റിഫൈനറികളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ മറ്റു രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുമെന്നും കമ്പനിയുടെ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ, റഷ്യൻ ഉപരോധം ശക്തമായതോടെ റിലയൻസ് സൗദി അറേബ്യ, ഇറാഖ്, ഖത്തർ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ വാങ്ങിയെന്നാണ് റിപ്പോർട്ടുകള്.

സൗദിയുടെ ഖാഫ്ജി, ഇറാഖിന്റെ ബസ്റ മീഡിയം, ഖത്തറിന്റെ അൽ ഷാഹീൻ, അമേരിക്കയുടെ ഡബ്ല്യുടിഐ എന്നീ ഇനങ്ങളാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തതെങ്കിലും, റിലയൻസ് ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.ഇന്ത്യയിൽ റഷ്യൻ ക്രൂഡിന്റെ പ്രധാന ഇറക്കുമതിക്കാരായിരുന്നു റിലയൻസ്. റഷ്യയിലെ റോസ്നെഫ്റ്റ്, ലൂക്കോയിൽ പോലുള്ള പ്രധാന സ്ഥാപനങ്ങൾക്കെതിരെ യുഎസ് ഉപരോധം പ്രഖ്യാപിച്ചതോടെ ഇത്തരം കമ്പനികളുമായി ഇടപഴകുന്ന ഏജൻസികളും കപ്പലുകളും വ്യക്തികളും ഉപരോധ പരിധിയിൽപ്പെടും. ഇതു ഒഴിവാക്കാനാണ് ഇന്ത്യൻ കമ്പനികൾ പകരം സ്രോതസ്സുകളിലേക്ക് ശ്രദ്ധ തിരിക്കുന്നത്.
റോസ്നെഫ്റ്റുമായി പ്രതിദിനം 5 ലക്ഷം ബാരൽ വരെ ക്രൂഡ് വാങ്ങുന്നതിനുള്ള കരാർ ഉണ്ടായിരുന്നുവെങ്കിലും ഉപരോധ സാഹചര്യത്തിൽ ഇത് നടപ്പാക്കുന്നത് ദുഷ്കരമാകുകയാണ്. ഇടക്കാലത്ത് റിലയൻസ് 10 ദശലക്ഷം ബാരലോളം ക്രൂഡ് ഓയിൽ വിപണിയിൽ നിന്ന് വാങ്ങിയതായി വിവരം. ഇതിൽ ഭൂരിഭാഗവും ഗൾഫ് മേഖലയിൽ നിന്നുമാണ്.

മറ്റ് ഇന്ത്യൻ കമ്പനികളും ഗൾഫിനു പുറമെ യുഎസ്, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള കച്ചവടങ്ങൾ പരീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.