മെഗാ ബാങ്കുകൾ സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ; ബാങ്ക് ലയനം വീണ്ടും പരിഗണനയിൽ

രാജ്യത്ത് വീണ്ടും ബാങ്ക് ലയനങ്ങൾക്ക് വഴിയൊരുങ്ങുന്നു. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ ബാങ്കിങ് മേഖലയിൽ ആവശ്യമായ പരിഷ്കാരങ്ങൾ വിലയിരുത്തുന്നതിനായി ഉന്നതാധികാര സമിതിയെ ഉടൻ രൂപീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. വികസിത രാഷ്ട്രമായി മാറുന്നതിനായി രാജ്യത്തെ കമ്പനികൾക്കും അടിസ്ഥാനസൗകര്യ പദ്ധതികൾക്കും വൻതോതിലുള്ള സാമ്പത്തിക പിന്തുണ അനിവാര്യമാണെന്നും, അത് സാധ്യമാക്കുന്ന രീതിയിൽ മെഗാ ബാങ്കുകൾ സൃഷ്ടിക്കാനുള്ള മാർഗരേഖകൾ തയ്യാറാക്കുന്നതാണ് സമിതിയുടെ പ്രധാന ദൗത്യമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തവണത്തെ കേന്ദ്ര ബജറ്റിലാണ് ബാങ്കിങ് രംഗത്തെ ഉന്നതാധികാര സമിതിയുടെ രൂപീകരണം പ്രഖ്യാപിച്ചിരുന്നത്.

മെഗാ ബാങ്കുകൾ രൂപീകരിക്കുന്നതിനായി പൊതുമേഖലാ ബാങ്കുകളുടെ ലയനം വീണ്ടും പരിഗണിക്കുമോ എന്ന ചോദ്യത്തിന് അതിന് സാധ്യത തള്ളിക്കളയാനാകില്ലെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. വികസിത ഭാരതത്തിന് ആവശ്യമായ വൻ സാമ്പത്തിക സഹായം നൽകാൻ ശേഷിയുള്ള ശക്തമായ ബാങ്കുകൾ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അതോടൊപ്പം ബാങ്കിങ് സേവനങ്ങൾ കൂടുതൽ വിപുലമാക്കുകയും സാധാരണക്കാർക്ക് എളുപ്പത്തിൽ ലഭ്യമാക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു. ഈ ലക്ഷ്യങ്ങൾ മുന്നിൽവെച്ച് സമിതിയെ ഉടൻ നിയമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് കേന്ദ്രസർക്കാരിന്റെ ദീർഘകാല ലക്ഷ്യം. ഇതിന് പുറമേ ലോകത്തിലെ ഏറ്റവും വലിയ 20 ബാങ്കുകളിൽ ഇന്ത്യയിൽ നിന്ന് കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഉൾപ്പെടണമെന്നതും സർക്കാർ ലക്ഷ്യമിടുന്നു. 2020ൽ നടത്തിയ ലയനങ്ങളിലൂടെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 27ൽ നിന്ന് 12 ആയി കുറച്ചിരുന്നു. കൂടുതൽ വായ്പ നൽകാനും വലിയ പദ്ധതികൾ കൈകാര്യം ചെയ്യാനും കഴിയുന്ന ശക്തമായ ബാങ്കുകൾ രൂപീകരിക്കുകയെന്നതായിരുന്നു അന്നത്തെ ലക്ഷ്യം. ഇതിലൂടെ ബാങ്കുകളുടെ ആഭ്യന്തര പ്രവർത്തനക്ഷമത മെച്ചപ്പെട്ടെങ്കിലും അന്താരാഷ്ട്ര ബാങ്കിങ് രംഗത്ത് ഇന്ത്യയ്ക്ക് പ്രതീക്ഷിച്ച മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞില്ല.

നിലവിൽ 12 പൊതുമേഖലാ ബാങ്കുകളുടെ ആകെ ആസ്തി മൂല്യം ഏകദേശം 171 ലക്ഷം കോടി രൂപയാണ്. ഇത് അന്താരാഷ്ട്ര ബാങ്കിങ് രംഗത്ത് ഇന്ത്യയ്ക്ക് 15-ാം സ്ഥാനത്തെത്താൻ മാത്രമേ സഹായിക്കൂ എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഇതിൽ നിന്ന് ഒരു പടി മുന്നോട്ട് കടന്ന് ചെറുതും ഇടത്തരം വലിപ്പമുള്ള ബാങ്കുകളെ തമ്മിൽ ലയിപ്പിച്ച് കൂടുതൽ ശേഷിയുള്ള വൻ ബാങ്കുകൾ സൃഷ്ടിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ഇപ്പോഴത്തെ ആലോചന. ഉദാഹരണമായി, മിഡ്-സൈസ് വിഭാഗത്തിൽ ഉൾപ്പെടുന്ന ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയെ ലയിപ്പിച്ചാൽ വലിയ സാമ്പത്തിക ശക്തിയുള്ള ഒരു ബാങ്ക് രൂപീകരിക്കാൻ കഴിയും. മുമ്പ് പ്രതിസന്ധിയിലായതും വലിപ്പത്തിൽ ചെറുതുമായ ബാങ്കുകളെ ലയിപ്പിച്ചിരുന്നുവെങ്കിൽ, ഈ ഘട്ടത്തിൽ മികച്ച പ്രവർത്തന മികവുള്ള ബാങ്കുകളെയാണ് ലയനത്തിനായി പരിഗണിക്കുന്നത് എന്നതാണ് പ്രധാന മാറ്റം.

വമ്പൻ വികസന പദ്ധതികൾക്ക് വായ്പ അനുവദിക്കണമെങ്കിൽ, അതിനൊപ്പം റിസ്ക് മാനേജ്മെന്റും ഫലപ്രദമായി കൈകാര്യം ചെയ്യാൻ ശേഷിയുള്ള ബാങ്കുകൾ അനിവാര്യമാണ്. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ആണ്. കേരളം ആസ്ഥാനമായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉൾപ്പെടെയുള്ള സഹബാങ്കുകൾ 2017ലാണ് എസ്ബിഐയിൽ ലയിപ്പിച്ചത്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ വിലയിരുത്തുമ്പോൾ എസ്ബിഐ ലോകത്തിലെ 42-ാമത്തെ വലിയ ബാങ്കാണ്. ഏകദേശം 846 ബില്യൺ ഡോളറിന്റെ ആസ്തിയാണ് എസ്ബിഐ കൈകാര്യം ചെയ്യുന്നത്. ലോകത്തിലെ മുൻനിര 10 ബാങ്കുകളിൽ ഇടം നേടണമെങ്കിൽ, ഈ ആസ്തി മൂന്നു മടങ്ങിലേറെ വർധിക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ.