ഏറെ ശ്രദ്ധനേടിയ മാളികപ്പുറം സിനിമയുടെ ടീം വീണ്ടും ഒന്നിച്ച ചിത്രം. ഒപ്പം സുമതി വളവ് എന്ന പേരും. ഇതായിരുന്നു സുമതി വളവ് എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ അടുപ്പിച്ച പ്രധാനഘടകം. ഒടുവിൽ ചിത്രം തിയറ്റുകളിൽ എത്തിയപ്പോൾ അവർക്ക് കിട്ടിയതാകട്ടെ വൻ ദൃശ്യവിരുന്നും. പ്രേക്ഷക പ്രശംസയ്ക്ക് ഒപ്പം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് സുമതി വളവ് ഇപ്പോൾ. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിൽ 9.56 കോടി രൂപയാണ് സിനിമ നേടിയത്. ഇന്നത്തോടെ അത് 10 കോടിയിലേറെയാകും
കുടുംബ സമേതം തിയേറ്ററിൽ ആസ്വദിക്കാൻ സാധിക്കുന്ന ഫൺ ഹൊറർ ഫാമിലി എന്റെർറ്റൈനെർ ആണ് സുമതി വളവ്. ഓഗസ്റ്റ് ഒന്നിന് ആയിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്നാണ് സുമതി വളവിന്റെ നിർമ്മാണം. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ തിരക്കഥ അഭിലാഷ് പിള്ളയും, സംഗീത സംവിധാനം രഞ്ജിൻ രാജും നിർവഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ കേരളത്തിലെ വിതരണം നിർവഹിച്ചത്.
