‘മിന്നൽ മുരളി 2’ വലിയ മുതൽ മുടക്കുള്ള സിനിമ ആകും; ബേസിൽ ജോസഫ്

ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി ഇന്ത്യയൊട്ടാകെ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന ഖ്യാതി സ്വന്തമാക്കിയ ചിത്രത്തിൽ ടൊവിനോ തോമസ് ആണ് കേന്ദ്ര കഥാപാത്രമായി നിറഞ്ഞാടിയത്. വില്ലനായി ​ഗുരു സോമസുന്ദരവും തകർത്തഭിനയിച്ചു. വിവിധ സിനിമാ മേഖകളിൽ നിന്നും പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിന് രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് നേരത്തെ ബേസിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആദ്യഭാ​ഗത്തെക്കാൾ വലിയ മുതൽ മുടക്കുള്ള സിനിമ ആകും ‘മിന്നൽ മുരളി 2’ എന്ന് പറയുകയാണ് സംവിധായകൻ. 

നെറ്റ്ഫ്ലിക്സിന് രണ്ടാം ഭാഗത്തിൽ പങ്കാളിത്തമുണ്ടോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ബേസിൽ പറയുന്നു. “ഉറപ്പായും മിന്നൽ മുരളിയെക്കാൾ വലിയ സിനിമ ആയിരിക്കും മിന്നൽ മുരളി 2. അത് സ്കെയിൽ ബേയ്സ് ആണെങ്കിലും ബജറ്റ് പോലുള്ള കാര്യങ്ങളിൽ ആണെങ്കിലും. അതുകൊണ്ട് വലിപ്പത്തിൽ നൂറ് ശതമാനവും വലിയ സിനിമ തന്നെ ആയിരിക്കും”, എന്നാണ് ബേസിൽ പറഞ്ഞത്.