മാർച്ച്31ന് അകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ നിർജീവമാകുമെന്ന് വീണ്ടും മുന്നറിയിപ്പ്

ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ രാജ്യത്തെ നിരവധി പേരുടെ പാൻ കാർഡുകൾ അസാധുവായേക്കും, ആദായ നികുതി വകുപ്പ് മുന്നറിയിപ്പു നൽകുന്നു.

നിലവിൽ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാനോ മറ്റ് സാമ്പത്തിക ഇടപാടുകൾ നടത്താനോ പാൻ കൂടിയേ തീരൂ. വാഹനം, സ്ഥലം, വീട്, സ്വർണം തുടങ്ങിയവ സ്വന്തമാക്കുമ്പോഴും പാൻ ആവശ്യപ്പെടാറുണ്ട്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതും പാൻ നമ്പറിന്റെ അടിസ്ഥാനത്തിലാണ്. ഓഹരിക്കമ്പോളത്തിലേക്ക് പ്രവേശിക്കാനും പാൻ നമ്പർ ഇല്ലാതെ പറ്റില്ല. ഇത്രയേറെ പ്രാധാന്യമുള്ള പാൻ കാർഡ് കൂടുതൽ കാര്യക്ഷമമാക്കാനും അതിലൂടെ നികുതി വെട്ടിപ്പ് തടയാനും ആദായ നികുതി വകുപ്പ് വിവിധ പരിഷ്ക്കാരങ്ങൾ നടപ്പാക്കി വരികയാണ്. അത്തരത്തിലൊരു നടപടിയാണ് ആധാർ പാൻ നമ്പറുമായി ബന്ധിപ്പിക്കുന്നത്.

2023 മാർച്ച് 31 നുള്ളിൽ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ നിർജീവമാകുമെന്ന്  ആദായ നികുതി വകുപ്പ് വീണ്ടും മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. ആദ്യം നൽകിയിരുന്ന പരിധി 2022 മാർച്ചിൽ അവസാനിച്ചിരുന്നു. പിന്നീട് 500 രൂപ പിഴ നൽകി ആധാറുമായി ബന്ധിപ്പിക്കാൻ മൂന്നു മാസത്തെ സമയം അനുവദിച്ചിരുന്നു. തുടർന്ന് 1000 രൂപ പിഴ നൽകി ബന്ധിപ്പിക്കാനുള്ള സമയപരിധി മാർച്ച് 31 ന് അവസാനിക്കും. അതോടെ ആധാർ ബന്ധിപ്പിക്കാത്തവരുടെ പാൻ നമ്പർ റദ്ദായേക്കും.

പാൻ കാർഡ് ഉടമകൾ തങ്ങളുടെ പാൻ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്ന തിനായി WWW. incometax.gov.in എന്ന വെബ്സൈറ്റിൽ Link Aadhaar Status ക്ലിക്ക് ചെയ്യുക. പാൻ ആധാർ നമ്പർ നൽകി മുന്നോട്ടു പോകുമ്പോൾ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ Your PAN is already linked to given Aadhaar എന്ന സന്ദേശം ലഭിക്കും.

ലിങ്ക് ചെയ്യാനായി www incometax.gov.in വെബ് സൈറ്റിൽ പ്രവേശിച്ച് Link Aadhaar ക്ലിക്ക് ചെയ്യുക. 1000 രൂപ പിഴ അടച്ചതിനു ശേഷം പാൻ ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകി ലിങ്ക് ചെയ്യാം. ആധാറിലെയും പാനിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരു പോലെയായിരിക്കണം.