മലയാള സിനിമയില്‍ ജനപ്രീതിയുടെ പുതിയൊരു അധ്യായം കുറിച്ച് ‘ആര്‍ഡിഎക്സ്’

ഓണത്തിന് രണ്ടാഴ്ച മുന്‍പ് തമിഴ് ചിത്രം ജയിലര്‍ എത്തിയത് ഓണം റിലീസുകള്‍ക്ക് ശരിക്കും ഗുണമായി. റെക്കോര്‍ഡ് കളക്ഷനുമായി കേരളത്തിലെ തിയറ്ററുകളില്‍ ഇപ്പോഴും തുടരുന്നുണ്ട് ജയിലര്‍. അതേസമയം മലയാള സിനിമയില്‍ ജനപ്രീതിയുടെ പുതിയൊരു അധ്യായം രചിക്കുകയാണ് ആര്‍ഡിഎക്സ് എന്ന ചിത്രം. ഓണം റിലീസ് ആയി ഓഗസ്റ്റ് 25 വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം സമീപകാല മലയാള സിനിമയില്‍ ഏറ്റവുമധികം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ്.

മിന്നല്‍ മുരളി അടക്കം നിര്‍മ്മിച്ച വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ എത്തുന്ന യുവതാരചിത്രം എന്ന നിലയില്‍ തിയറ്ററുകാര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്ന ചിത്രം തന്നെയാണ് ആര്‍ഡിഎക്സ്. എന്നാല്‍ ഇത്രയും വലിയൊരു ജനപ്രീതി അവരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം. ചിത്രത്തിന് ആദ്യ ദിനം തന്നെ ലഭിച്ച വന്‍ അഭിപ്രായം പെട്ടെന്ന് തന്നെ തിയറ്ററുകാര്‍ മനസിലാക്കി. ചെറിയ സ്ക്രീനുകളില്‍ നിന്ന് വലിയ സ്ക്രീനുകളിലേക്കും ഒപ്പം നിരവധി സ്പെഷല്‍ ഷോകളും ചിത്രത്തിന് പിന്നീടിങ്ങോട്ട് ലഭിച്ചു.