ബോളിവുഡിൽ വീണ്ടും തുടർ പരാജയങ്ങൾ തുടർക്കഥയാകുന്നു; പ്രതീക്ഷ യില്ലാതെ ‘സെൽഫിയും ഷെഹ്സാദെയും’

പഠാൻ’ സിനിമ ആയിരം കോടി പിന്നിടുമ്പോഴും ബോളിവുഡിൽ വീണ്ടും തുടർ പരാജയങ്ങൾ തുടർക്കഥയാകുന്നു. അക്ഷയ് കുമാറിന്റെ സെൽഫിയും കാർത്തിക് ആര്യന്റെ ഷെഹ്സാദെയും ബോളിവുഡിൽ തകർന്നടിയുന്ന കാഴ്ചയാണ് ഈ മാസം പ്രേക്ഷകർ കണ്ടത്. മലയാള ചിത്രം ഡ്രൈവിങ് ലൈസൻസിന്റെ റീമേക്ക് ആണ് ‘സെൽഫി’. അല്ലു അർജുന്റെ സൂപ്പർഹിറ്റ് ചിത്രം അല വൈകുന്ദപുരംലോയുടെ റീമേക്ക് ആണ് ഷെഹ്സാദെ. ഫെബ്രുവരി 24ന് റിലീസായ സെൽഫി ഇതുവരെ നേടിയ ആഗോള കലക്‌ഷൻ 9 കോടി. ആകെ മുടക്ക് 80-120 കോടി. ഫെബ്രുവരി 17ന് റിലീസ് ചെയ്ത ഷെഹ്സാദെയുടെ ബജറ്റ് 85 കോടി. ഇതുവരെ കിട്ടിയ കലക്‌ഷൻ 39 കോടി.

യഥാര്‍ഥ കണ്ടന്റിന്റെ അഭാവമാണ് റീമേക്ക് സിനിമകൾ തുടർച്ചയായി പരാജയപ്പെടാനുള്ള കാരണമെന്നാണ് ബോളിവുഡ് നിരൂപകർ പറയുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ സൂപ്പർ ഹിറ്റായ സിനിമകളാണ് ഹിന്ദിയിൽ വീണ്ടും റീമേക്ക് ചെയ്ത് എത്തുന്നത്. ഒടിടി പ്ലാറ്റ്ഫോമുകൾ വന്ന ഇത്തരം സിനിമകൾക്ക് പല ഭാഷകളില്‍ സബ് ടൈറ്റിൽസും ലഭ്യമായതുകൊണ്ട് ഹിന്ദി പ്രേക്ഷകർ ഉൾപ്പടെയുള്ളവർ നേരത്തെ തന്നെ ഇതൊക്കെ കാണും. അതുകൊണ്ടാണ് ഇങ്ങനെയുള്ള റീമേക്ക് സിനിമകൾ ബോളിവുഡിൽ വലിയ പരാജയമായി മാറുന്നത്

പന്ത്രണ്ടോളം റീമേക്ക് സിനിമകളാണ് 2022ൽ ബോളിവുഡിൽ റിലീസ് ചെയ്തത്. ഇതിൽ വിജയിച്ചത് ഒന്നോ രണ്ടോ മാത്രം.