‘ബൈ നൗ പേ ലേറ്റർ’ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പലിശ നിരക്കുകളില്ലാതെ സാധനങ്ങൾ വാങ്ങുന്നതിന് പ്രയോജനകരമാകുന്ന  ഹ്രസ്വകാല ധനസഹായമാണ് ബൈ നൗ പേ ലേറ്റർ. കൈയ്യിൽ പണമില്ലെങ്കിലും ഇഷ്ടപ്പെട്ട ഉൽപ്പന്നം വാങ്ങാമെന്നുമാത്രമല്ല, പലിശരഹിതമാണ് എന്ന പ്രത്യേകതയുമുണ്ട്. ഈസിയായും വളരെ വേഗത്തിലും വായ്പാസേവനങ്ങൾ ലഭ്യമാകുമെന്നതിനാൽ ‘ബൈ നൗ പേ ലേറ്റർ’ സംവിധാനം ഏറെ ജനപ്രിയമാണിന്ന്. ആഗോളതലത്തിൽ ബിഎൻപിഎല്ലി-ന്റെ ഇ-കൊമേഴ്‌സ് ഇടപാടുകളുടെ വിഹിതം ഗണ്യമായി വർദ്ധിച്ചതായി സമീപകാല കണക്കുകളും വ്യക്തമാക്കുന്നു. മൊബൈൽ ആപ്ലിക്കേഷനുകൾ മുഖേനയും മറ്റും നിരവധി പേർ ഇത്തരത്തിലുളള വായ്പാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നുമുണ്ട്. എങ്കിലും ‘ബൈ നൗ പേ ലേറ്റർ’ രീതികൾ സ്വീകരിക്കുന്നതിനു മുൻപ് ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നറിയാം.

ബജറ്റ് അറിഞ്ഞ് തീരുമാനമെടുക്കുക

ഒരു ബിഎൻപിഎൽ ലോൺ തിരഞ്ഞെടുക്കുന്നതിന് മുമ്പ്,  ഉപഭോക്താവിന്റെ  സാമ്പത്തിക സ്ഥിതിയെപ്പറ്റി കൃത്യമായ ധാരണ വേണം.  അടച്ചു തീർക്കേണ്ട ബില്ലുകൾ, വാടക, മറ്റ് കടങ്ങൾ ഉൾപ്പെടെയുള്ള നിങ്ങളുടെ  സാമ്പത്തിക ബാധ്യതകൾ പരിഗണിച്ച് പുതിയ വായ്പ തിരിച്ചടയ്ക്കാൻ പറ്റുമോയെന്ന് പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്

ക്രെഡിറ്റ് സ്‌കോർ

ബിഎൻപിഎൽ ലോണുകളുടെ കൃത്യസമയത്തുളള തിരിച്ചടവ് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ  മികച്ചതാക്കും. എന്നാൽ, പേയ്മന്റ് തിരിച്ചടവിൽ മുടക്കം വരുത്തിയാൽ ക്രെെഡിറ്റ് സ്കോർ നില മോശമാവുകയും ചെയ്യും.

ചാർജുകളും നിബന്ധനകളും അറിയുക

ഉടനടി ഒരു ബിഎൻപിഎൽ വായ്പാ കരാറിൽ ഒപ്പുവെയ്ക്കുമ്പോൾ നിബന്ധനകളും വ്യവസ്ഥകളും   പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. മുൻകൂട്ടി തിരിച്ചടയ്ക്കുന്നതിന് പിഴയുണ്ടോ, കുടിശിക വരുത്തിയാലുളള ഫീസ്, ലോൺ അനുവദിക്കുന്നതിനുള്ള ചാർജ് , വായ്പയുമായി ബന്ധപ്പെട്ട മറ്റ് ചെലവുകൾ തുടങ്ങിയ അധിക ചാർജ്ജുകളുണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്.

ഉത്തരവാദിത്വത്തോടെ കടം വാങ്ങുക

ബി‌എൻ‌പി‌എൽ ലോണുകളുടെ കാര്യത്തിൽ, ലോൺ എടുക്കുന്നതുപോലെ പ്രധാനമാണ് തിരിച്ചടവുകളും. കാരണം ഉത്തരവാദിത്വത്തോടെയായിരിക്കണം വായ്പ എടുക്കുന്നതും അതിന്റെ തിരിച്ചടവും. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ഇത്തരം സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുകയെന്നതാണ് ആദ്യ കാര്യം.പണം അമിതമായി ചെലവഴിക്കാതെ സാമ്പത്തിക സ്ഥിരതയും, ലക്ഷ്യങ്ങളും പരിഗണിച്ചതിനു ശേഷം മാത്രം ബിഎൻപിഎൽ ലോൺ എടുക്കുക.

മറ്റ് ഓപ്ഷനുകളും പരിഗണിക്കുക

വായ്പയെടുക്കുന്നതിന് മുൻപ്, ധനസഹായത്തിനുള്ള ഒന്നിലധികം മാർഗങ്ങൾ പരിഗണിക്കുന്നതാണുചിതം.  പരമ്പരാഗത വായ്പാസൗകര്യങ്ങൾ,നിങ്ങളുടെ സമ്പാദ്യങ്ങൾ, തുടങ്ങിയ ഓപ്ഷനുകൾ പരിഗണിച്ചതിനു ശേഷം അനുയോജ്യായത് തെരഞ്ഞെടുക്കുക