ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ ലളിതമാക്കാൻ Google Pay പുതിയ ‘യുപിഐ സർക്കിൾ’ (UPI Circle) ഫീച്ചർ അവതരിപ്പിച്ചു. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ വഴി പണം നൽകാൻ സാധ്യമാക്കുന്ന സംവിധാനമാണ് ഇത്. കുട്ടികൾക്കും മുതിർന്നവർക്കും ജീവനക്കാർക്കും ‘പോക്കറ്റ് മണി’ നൽകുന്നത് ഇനി ഏറെ എളുപ്പമാകും.
എന്താണ് യുപിഐ സർക്കിൾ?
ഒരു ബാങ്ക് അക്കൗണ്ട് ഉടമയായ പ്രൈമറി യൂസർക്ക് വിശ്വസനീയരായ അഞ്ച് പേരെ വരെ സെക്കൻഡറി യൂസർമാരായി ചേർക്കാം. ഇവർക്ക് സ്വന്തം ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും പ്രൈമറി യൂസറുടെ അക്കൗണ്ട് ഉപയോഗിച്ച് സുരക്ഷിതമായി പണമിടപാടുകൾ നടത്താൻ കഴിയുന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
പ്രധാനമായ രണ്ട് രീതികൾ
• പൂർണ അധികാരം (Full Delegation): സെക്കൻഡറി യൂസർക്ക് മാസം പരമാവധി 15,000 രൂപ വരെ പരിധി നിശ്ചയിക്കാം. ഈ പരിധിക്കുള്ളിൽ പ്രൈമറി യൂസറുടെ ഓരോ തവണയും അനുമതി ആവശ്യമില്ലാതെ പണം അയയ്ക്കാം.
• ഓരോ ഇടപാടിനും അനുമതി (Partial Delegation): സെക്കൻഡറി യൂസർ പണമടയ്ക്കുമ്പോൾ പ്രൈമറി യൂസറുടെ ഫോണിലേക്ക് നോട്ടിഫിക്കേഷൻ ലഭിക്കും. യുപിഐ പിൻ നൽകി അംഗീകരിച്ചാൽ മാത്രമേ ഇടപാട് പൂർത്തിയാകൂ.
സുരക്ഷ എങ്ങനെ ഉറപ്പാക്കുന്നു?
നിങ്ങളുടെ അനുമതിയില്ലാതെ ആരെയും യുപിഐ സർക്കിളിൽ ചേർക്കാനോ പണം ഉപയോഗിക്കാനോ സാധിക്കില്ല. പ്രൈമറി യൂസർ തന്നെ വ്യക്തിയെ സെക്കൻഡറി യൂസറായി ചേർത്ത് യുപിഐ പിൻ നൽകി സ്ഥിരീകരിച്ചാൽ മാത്രമേ സംവിധാനം പ്രവർത്തിക്കൂ. എല്ലാ നിയന്ത്രണങ്ങളും (ലിമിറ്റുകൾ) നിങ്ങളുടെ കൈവശമായിരിക്കും.
എങ്ങനെ സജ്ജമാക്കാം?
• Google Pay തുറന്ന് Profile സെക്ഷനിൽ പോകുക
• ‘UPI Circle’ ഓപ്ഷൻ തിരഞ്ഞെടുക്കുക
• ഫോൺ നമ്പർ അല്ലെങ്കിൽ QR കോഡ് ഉപയോഗിച്ച് വ്യക്തിയെ ചേർക്കുക
• ഓരോ ഇടപാടിനും അനുമതിയോ (Approve every payment) മാസപരിധിയോ (Monthly Limit) തിരഞ്ഞെടുക്കുക
• ആവശ്യമായ വിവരങ്ങൾ നൽകി യുപിഐ പിൻ ഉപയോഗിച്ച് ഇൻവൈറ്റ് അയയ്ക്കുക
സെക്കൻഡറി യൂസറുടെ ഫോണിലും ഗൂഗിൾ പേ ആപ്പ് ഉണ്ടായിരിക്കണം. കൂടാതെ അവരുടെ നമ്പർ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ സേവ് ചെയ്തിരിക്കണം.ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് വലിയ മാറ്റത്തിന് വഴി തെളിയിക്കുന്നതാണ് ഈ ‘പോക്കറ്റ് മണി’ സംവിധാനം. സുരക്ഷിതമായി ഉപയോഗിച്ചാൽ കുട്ടികൾക്ക് പണം നൽകാൻ ഇനി പണച്ചില്ലറ തേടേണ്ടതില്ല!

