ബാങ്കുകളില്‍ ലോക്കറുകളുടെ പുതിയ കരാര്‍ ഒപ്പിടാനുള്ള സമയപരിധി ഒരു വർഷത്തേയ്ക്ക് നീട്ടി.

ബാങ്കുകളില്‍ സേഫ് ഡെപ്പോസിറ്റ് ലോക്കറുകളുടെ പുതിയ കരാര്‍ ഒപ്പിടാനുള്ള സമയപരിധി ഒരു വർഷത്തേയ്ക്ക് റിസര്‍വ് ബാങ്ക് നീട്ടി. ഇതനുസരിച്ച് വരുന്ന ഡിസംബര്‍ 31നകം കരാറില്‍ ഒപ്പിടാന്‍ സാവകാശമുണ്ട്.

ഡിംസബര്‍ 31 വരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കാനാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക്് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതനുസരിച്ച് ജൂണ്‍ 30നകം 50 ശതമാനവും സെപ്റ്റംബര്‍ 30നകം 75 ശതമാനവും കരാറുകള്‍ പുതുക്കണമെന്ന് ആര്‍ബിഐയുടെ സര്‍ക്കുലറില്‍ പറയുന്നു. കരാറുകള്‍ പുതുക്കാത്തതിന്റെ പേരില്‍ ലോക്കറുകളുടെ പ്രവര്‍ത്തനം മരവിപ്പിച്ചിട്ടുണ്ടെങ്കില്‍ അവ പുനസ്ഥാപിക്കേണ്ടി വരും. മാത്രമല്ല, സ്റ്റാമ്പ് പേപ്പറുകളുടെ ലഭ്യത ഉറപ്പുവരുത്തി പുതുക്കിയ കരാറുകള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താനും ബാങ്കുകള്‍ക്ക്  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കരാര്‍ ഒപ്പിടാന്‍ വൈകിയാലും പുതുക്കിയ നിയമങ്ങള്‍ 2023 ജനുവരി മുതല്‍ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ബാധകമായിരിക്കും. 

ഉപഭോക്താക്കള്‍ക്ക് പ്രതികൂലമായ വ്യവസ്ഥകളൊന്നും പുതിയ കരാറില്‍ ഉണ്ടാകരുതെന്നാണ് ആര്‍ബിഐയുടെ വിജ്ഞാപനത്തില്‍ പറയുന്നത്. ”സേഫ് ഡെപ്പോസിറ്റ് ലോക്കറുകള്‍ക്കായി ബാങ്കുകള്‍ക്ക് അംഗീകൃത കരാര്‍ ഉണ്ടായിരിക്കും. ഇതിനായി, IBA രൂപം നല്‍കുന്ന മാതൃകാ കരാര്‍ ബാങ്കുകള്‍ക്ക് സ്വീകരിക്കാവുന്നതാണ്. പുതുക്കിയ വ്യവസ്ഥകളുള്ള ഈ കരാര്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കും.” അതുകൊണ്ടു തന്നെ ബാങ്കുകള്‍ സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ കരാറുകളില്‍ അന്യായമായ നിബന്ധനകളോ വ്യവസ്ഥകളോ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. 

അഗ്നിബാധ, മോഷണം തുടങ്ങിയവയിലൂടെ ലോക്കറിലുള്ള വിലയേറിയ വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ ബാങ്കുകള്‍ക്ക് വരുന്ന ബാധ്യതയ്ക്ക് പരിധി നിശ്ചയിട്ടുണ്ട്. സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ നിലവിലുള്ള വാര്‍ഷിക വാടകയുടെ നൂറിരട്ടി തുകയ്ക്ക് തുല്യമായ തുകയായിരിക്കും ബാങ്കുകള്‍ക്ക് ബാധ്യതയായി നല്‍കേണ്ടി വരിക. ബാങ്കിന്റെ കെട്ടിടം തകരുകയോ അല്ലെങ്കില്‍ ബാങ്കിലെ ജീവനക്കാര്‍ തട്ടിപ്പ് നടത്തുകയോ ചെയ്താലും ഇതേ മാനദണ്ഡം തന്നെയാണ് ബാധകമാവുക. അതേ സമയം, ബാങ്കിന്റെ പോരായ്മകള്‍, അശ്രദ്ധ, വീഴ്ച, അഗ്നിബാധ, മോഷണം, തുടങ്ങിയവ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തവും ബാങ്കിനുണ്ട്.