പ്രധാനമന്ത്രി ഉജ്വല’ പദ്ധതിപ്രകാരം പാചകവാതക കണക്‌ഷൻ ലഭിച്ച, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്ത്രീകൾക്ക് നൽകുന്ന 200 രൂപ സബ്സിഡി അടുത്ത വർഷവും തുടർന്നേക്കും. ഇതുസംബന്ധിച്ച് ബജറ്റിൽ പ്രഖ്യാപനമുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. വിലക്കയറ്റം രൂക്ഷമായതിനെത്തുടർന്ന് മേയിലാണ് ഉജ്വല പദ്ധതിയുടെ (പിഎംയുവൈ) ഗുണഭോക്താക്കൾക്ക് സിലിണ്ടർ ഒന്നിന് 200 രൂപ സബ്സിഡിയായി നൽകാൻ തീരുമാനിച്ചത്. കേരളത്തിൽ 3 ലക്ഷം പിഎംയുവൈ ഉപയോക്താക്കളുണ്ട്.
പരമാവധി 12 സിലിണ്ടറിനാണ് ആനുകൂല്യം. രാജ്യമാകെ എൽപിജി എത്തിക്കുന്നതിന്റെ ഭാഗമായാണ് സബ്സിഡി നീട്ടുന്നത്. കേന്ദ്രസർക്കാർ നിർത്തലാക്കിയ ഗാർഹിക പാചകവാതക സബ്സിഡി പിഎംയുവൈ ഉപയോക്താക്കൾക്ക് വർഷത്തിൽ കുറഞ്ഞത് 4 സിലിണ്ടറുകൾക്ക് എങ്കിലും നൽകണമെന്ന് പാർലമെന്റ് സ്ഥിരം സമിതി മാർച്ചിൽ ശുപാർശ ചെയ്തിരുന്നു.

