കേന്ദ്രസർക്കാരും Life Insurance Corporation of Indiaയും പ്രധാന ഓഹരി പങ്കാളികളായ IDBI Bankയുടെ ഓഹരി വിൽപന നീക്കം താൽക്കാലികമായി ഉപേക്ഷിച്ചേക്കുമെന്ന സൂചന. ഓഹരി വാങ്ങാൻ താൽപ്പര്യപത്രം സമർപ്പിച്ച നിക്ഷേപകർ സർക്കാർ നിശ്ചയിച്ച അടിസ്ഥാനവിലയേക്കാൾ (ഫ്ലോർ പ്രൈസ്) കുറഞ്ഞ വിലയാണ് മുന്നോട്ടുവച്ചതെന്നാണ് റിപ്പോർട്ട്. ഇത് ഗുണകരമല്ലെന്ന് വിലയിരുത്തിയതോടെ ഓഹരി വിൽപന ഇപ്പോൾ മുന്നോട്ടുകൊണ്ടുപോകേണ്ടതില്ലെന്ന നിലപാടിലേക്കാണ് കേന്ദ്രം നീങ്ങുന്നതെന്ന് വിവരങ്ങൾ സൂചിപ്പിക്കുന്നു.
നിലവിൽ ഐഡിബിഐ ബാങ്കിൽ കേന്ദ്ര സർക്കാരിന് 45.48 ശതമാനവും എൽഐസിക്ക് 49.24 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ഇരുവരും ചേർന്ന് ആകെ 60.72 ശതമാനം ഓഹരികൾ വിറ്റൊഴിയാനായിരുന്നു പദ്ധതി. ഇതിൽ കേന്ദ്രം 30.48 ശതമാനവും എൽഐസി 30.24 ശതമാനവും വിൽക്കാനാണ് തീരുമാനിച്ചിരുന്നത്.
കനേഡിയൻ ശതകോടീശ്വരനും ഇന്ത്യൻ വംശജനുമായ Prem Watsa നയിക്കുന്ന Fairfax Financial Holdingsയും Emirates NBDയും ഐഡിബിഐ ബാങ്ക് ഓഹരികൾ ഏറ്റെടുക്കാൻ പ്രധാനമായും രംഗത്തുണ്ടായിരുന്നു. നേരത്തേ Kotak Mahindra Bankയും ഓഹരികൾക്കായി താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറിയിരുന്നു.
പ്രതീക്ഷിച്ച വില ലഭിക്കാത്ത സാഹചര്യത്തിൽ ഓഹരി വിൽപന നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാനാണ് കേന്ദ്രം ആലോചിക്കുന്നതെന്നാണ് സൂചന.

