പ്രതിസന്ധികള്‍ക്കിടെ കണ്ണൂർ എയർപോർട്ടിന് സർക്കാർ 15 കോടി അനുവദിച്ചു 

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കണ്ണൂർ എയർപോർട്ടിന് 15 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. ഗതാഗത വകുപ്പ് വഴിയാണ് കിയാലിന് സർക്കാർ ധനസഹായമെത്തിയത്. 

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കണ്ണൂർ വിമാനത്താവളം കടന്നു പോകുന്നത്. പ്രവർത്തനം ആരംഭിച്ച് മൂന്ന് വ‌‍‍ർഷത്തിനകം മെച്ചപ്പെട്ട സ്ഥിതിയിലേക്കെത്താനായിരുന്നു ലക്ഷ്യം. എന്നാൽ കൊവിഡും  പോയിന്റ് ഓഫ് കോള്‍ പദവി ഇല്ലാത്തതുമെല്ലാം തിരിച്ചടികളായെത്തി. തുട‍ന്ന് വിമാനത്താവളത്തിന്റെ വായ്പ ബാധ്യത കണക്കിലെടുത്ത് സർക്കാർ സാമ്പത്തിക പിന്തുണ ഉറപ്പു നൽകി.

2020-21 സാമ്പത്തികവർഷം വരെ 132.68 കോടിയായിരുന്നു സർക്കാരിന്റെ ഉറപ്പ്. സ്വകാര്യ സ്ഥാപനമെന്ന് സ‍ർക്കാർ തന്നെ വ്യക്തമാക്കിയ കിയാലിന് സർക്കാരിന്റെ സാമ്പത്തിക സഹായം വിമർശനങ്ങള്‍ക്കും വഴിത്തുറന്നു. ഈ സാഹചര്യത്തിലാണ് കിയാൽ 90.4 കോടികൂടി ആവശ്യപ്പെട്ടത്. തുടർന്ന് സ‍ർക്കാരിന്റെ സാമ്പത്തിക സഹായമായി 15 കോടിയെത്തി.

വിമാനത്താവളത്തിന്റെ ഭീമമായ കടബാധ്യതയും ഓഹരി ഉടമകള്‍ക്കുളള ലാഭവിഹിതമടക്കം ചർച്ചയാകാതിരിക്കാനാണ് കിയാലിന്റെ പുതിയ നീക്കമെന്നാണ് വിമർശനം.