തൊഴിലുറപ്പ് പദ്ധതിയെ പിഎംശ്രീ മാതൃകയിലേക്കു മാറ്റുന്ന കേന്ദ്രസർക്കാരിന്റെ പുതിയ നിയമം നടപ്പായാൽ കേരളത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ആശങ്ക ശക്തമാകുന്നു. നിലവിൽ പദ്ധതിയിൽ അംഗങ്ങളായ 22 ലക്ഷത്തിലധികം ആളുകളിൽ വലിയൊരു വിഭാഗം പുറത്താകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
നിയമത്തിൽ തൊഴിൽദിനങ്ങൾ 125 ആയി ഉയർത്തുമെന്ന് പറയുന്നുണ്ടെങ്കിലും, നിലവിലെ 100 ദിവസം പോലും ലഭിക്കാനുള്ള സാധ്യത കുറഞ്ഞതാണ് യാഥാർഥ്യം. പദ്ധതി നടപ്പാക്കുന്ന ഗ്രാമീണമേഖലകൾ കേന്ദ്രം വിജ്ഞാപനം ചെയ്യണം എന്നതടക്കമുള്ള കടുത്ത നിബന്ധനകൾ വന്നതോടെ പദ്ധതി സ്വാഭാവികമായും ചുരുങ്ങും. ഇതിന്റെ ഫലമായി അനേകം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും, ലഭിക്കുന്ന തൊഴിൽദിനങ്ങൾ ഗണ്യമായി കുറയുകയും ചെയ്യും.കാർഷിക സീസണിൽ പരമാവധി 60 ദിവസം വരെ തൊഴിലുറപ്പ് അനുവദിക്കരുതെന്ന വ്യവസ്ഥയും തൊഴിൽദിനങ്ങൾ കുറയാൻ ഇടയാക്കും. ഇതോടെ പദ്ധതി ഗുണഭോക്താക്കളായ ലക്ഷക്കണക്കിനുപേരുടെ പ്രധാന വരുമാനമാർഗം അപകടത്തിലാകുന്ന സ്ഥിതിയാണ് രൂപപ്പെടുന്നത്.
തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാക്കിയിരുന്ന കാർഷിക ജോലികൾ, ജലാശയ പുനരുദ്ധാരണം, മാലിന്യസംസ്കരണം തുടങ്ങിയ പ്രവർത്തനങ്ങളും പുതിയ നിയമം മൂലം പ്രതികൂലമായി ബാധിക്കപ്പെടും. ഇതുവഴി സാമൂഹികവും പരിസ്ഥിതിയുമായ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഉപാധികൾ കെണിയാകുന്നു
നിലവിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കേരളത്തിന് വർഷംതോറും ഏകദേശം 4000 കോടി രൂപയാണ് ലഭിക്കുന്നത്. എന്നാൽ പദ്ധതിച്ചെലവിന്റെ 40 ശതമാനം സംസ്ഥാനം തന്നെ വഹിക്കണമെന്ന പുതിയ നിബന്ധന, സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന കേരളത്തിന് വലിയ വെല്ലുവിളിയാണ്. ഇതനുസരിച്ച് ഏകദേശം 1600 കോടി രൂപ കൂടി സംസ്ഥാനം കണ്ടെത്തേണ്ടിവരും.
ഇനി കേന്ദ്രസർക്കാർ ഉപാധികളോടെയാകും ഫണ്ട് അനുവദിക്കുക. നിശ്ചയിച്ചതിൽ കൂടുതൽ ചെലവുണ്ടായാൽ അതിന്റെ മുഴുവൻ ഭാരവും സംസ്ഥാനത്തിനായിരിക്കും. വേതനം വൈകിയാൽ നൽകേണ്ട നഷ്ടപരിഹാരവും, ജോലി ലഭിക്കാത്ത സാഹചര്യത്തിൽ നൽകേണ്ട അലവൻസും പൂർണമായും സംസ്ഥാനത്തിന്റെ ബാധ്യതയായിത്തീരും.
പിഎംശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ മറ്റ് കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികൾക്കുള്ള കേന്ദ്രവിഹിതം തടഞ്ഞ മുൻ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് സമാനമായ സമീപനം തൊഴിലുറപ്പ് പദ്ധതിയിലും ഉണ്ടാകുന്നതെന്ന വിമർശനം ഉയരുന്നത്. മറ്റ് പല പദ്ധതികളിലേതുപോലെ കേന്ദ്ര–സംസ്ഥാന വിഹിതങ്ങളിൽ കുടിശികയുണ്ടായാൽ തൊഴിലുറപ്പ് പദ്ധതി തന്നെ കടുത്ത പ്രതിസന്ധിയിലാകുമെന്ന ആശങ്കയും ശക്തമാണ്.
