പിഎം കിസാൻ: കേരളത്തിലും ക്രമക്കേട്; 7,700-ൽപരം കുടുംബങ്ങളിൽ ഇരട്ട ആനുകൂല്യം

രാജ്യത്തെ കർഷകർക്ക് സർക്കാരിന്റെ സാമ്പത്തിക പിന്തുണയായി നൽകുന്ന ‘പിഎം കിസാൻ സമ്മാൻ നിധി’ പദ്ധതിയിൽ കേരളത്തിലും വൻ ക്രമക്കേട് കണ്ടെത്തി. സംസ്ഥാനത്ത് 7,694 കുടുംബങ്ങളിൽ ഭർത്താവും ഭാര്യയും ഒരേസമയം ആനുകൂല്യം കൈപ്പറ്റിയതായി റിപ്പോർട്ട്. കൂടാതെ പ്രായപൂർത്തിയാകാത്ത മക്കൾ ഉൾപ്പെടെ 33 പേർ അനർഹരായി ആനുകൂല്യം കൈപ്പറ്റിയതായും കണ്ടെത്തിയതായി കേന്ദ്രത്തെ സംസ്ഥാനം അറിയിച്ചു.പദ്ധതിയുടെ തുടക്കത്തിൽ ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന പൂർണ്ണമായി നടപ്പിലാക്കിയിരുന്നില്ല. അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള എൻറോൾമെൻറ് ഉൾപ്പെടെയുള്ള രീതികൾ ക്രമക്കേടിന് വഴിയൊരുക്കിയതാകാമെന്നതാണ് സംസ്ഥാനത്തിന്റെ വിശദീകരണം.

അനർഹരെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവർ കൈപ്പറ്റിയ തുക കേന്ദ്രത്തിനായി തിരിച്ചുപിടിക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണെന്നും സംസ്ഥാന കൃഷിവകുപ്പ് വ്യക്തമാക്കി.
രാജ്യവ്യാപക പരിശോധനയിൽ ഏകദേശം 29.13 ലക്ഷം അക്കൗണ്ടുകളിൽ ഒരേ കുടുംബത്തിലെ ഒരിലധികം പേർ ആനുകൂല്യം കൈപ്പറ്റിയതായി കേന്ദ്ര കൃഷിമന്ത്രാലയം കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്രം സംസ്ഥാനങ്ങളോട് വിശദമായ റിപ്പോർട്ട് തേടിയിരുന്നു.