ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ആദായനികുതി ചട്ടപ്രകാരം, 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകൾക്കു മാത്രമേ പാൻ കാർഡ് നിർബന്ധമായിരിക്കൂ. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കി.
നിലവിൽ 10 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകളിൽ പാൻ നിർബന്ധമായിരുന്നു. എന്നാൽ ചെറുകിട ഇടപാടുകളിൽ നിന്നുള്ള നിയന്ത്രണം കുറച്ച് വലിയ ഇടപാടുകളിലേക്കു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പരിധി 20 ലക്ഷമായി ഉയർത്തിയത്.ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ടും ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ തന്നെ പാൻ നിർബന്ധമാക്കാനുള്ള നീക്കം ഉപേക്ഷിച്ചു. പകരം, ഒരു സാമ്പത്തിക വർഷത്തിൽ ആകെ 50,000 രൂപയോ അതിലധികമോ പ്രീമിയം അടയ്ക്കുന്നവർക്കാണ് പാൻ നിർബന്ധമെന്ന നിലവിലെ വ്യവസ്ഥ തുടരും.
ആദ്യ കരട് ചട്ടത്തിൽ ഇൻഷുറൻസ് അക്കൗണ്ട് തുറക്കുമ്പോൾ തന്നെ പാൻ നൽകണമെന്ന് നിർദ്ദേശമുണ്ടായിരുന്നെങ്കിലും, അന്തിമ വിജ്ഞാപനത്തിൽ ആ വ്യവസ്ഥ ഒഴിവാക്കി നിലവിലെ രീതിക്ക് തുടർച്ച നൽകുകയായിരുന്നു.പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന്റെ ഭാഗമായി പരിഷ്കരിച്ച വെബ്സൈറ്റ് കേന്ദ്ര ധനമന്ത്രി Nirmala Sitharaman ഉദ്ഘാടനം ചെയ്തു.
