ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ WhatsApp പ്രമോട്ടഡ് ചാനലുകളും സ്റ്റാറ്റസ് പരസ്യങ്ങളും ആഗോളതലത്തിൽ അവതരിപ്പിച്ചതായി അറിയിച്ചു. ഉപയോക്താക്കൾക്ക് പുതിയ ബിസിനസുകളും ചാനലുകളും കണ്ടെത്തുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സവിശേഷതകൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ബ്രാൻഡുകൾക്കും സ്ഥാപനങ്ങൾക്കും അവരുടെ ദൃശ്യത വർധിപ്പിക്കാൻ കൂടുതൽ അവസരങ്ങൾ ലഭിക്കും.
അപ്‍ഡേറ്റ്സ് ടാബിൽ മാത്രം പരസ്യങ്ങൾ
പുതിയ അപ്‌ഡേറ്റുകൾ പ്രകാരം സ്റ്റാറ്റസ് പരസ്യങ്ങളും പ്രമോട്ടഡ് ചാനലുകളും ‘Updates’ ടാബിൽ വ്യക്തമായ ലേബലുകളോടെയാണ് പ്രത്യക്ഷപ്പെടുക. സാധാരണ സ്റ്റാറ്റസുകൾ പോലെ തന്നെ ഉപയോക്താക്കൾക്ക് ഇവ സ്വൈപ്പ് ചെയ്ത് ഒഴിവാക്കാനും കഴിയും. മുമ്പ് പരിമിതമായ ചില ഉപയോക്താക്കൾക്ക് മാത്രമേ പരസ്യ ഉള്ളടക്കം ലഭ്യമായിരുന്നുള്ളൂ. ഇപ്പോൾ ഇത് ആഗോളതലത്തിൽ വ്യാപിപ്പിച്ചിരിക്കുകയാണ്.കമ്പനിയുടെ വിശദീകരണപ്രകാരം, പരസ്യങ്ങൾ ‘Updates’ വിഭാഗത്തിൽ മാത്രമേ കാണുകയുള്ളു. സ്വകാര്യ ചാറ്റുകളും കോളുകളും സ്റ്റാറ്റസുകളും തുടർന്നും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംരക്ഷണത്തിലായിരിക്കും. അതിനാൽ വ്യക്തിഗത സന്ദേശാനുഭവത്തിൽ മാറ്റമുണ്ടാകില്ലെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കി.
ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം
തങ്ങൾക്ക് ഇഷ്ടമില്ലാത്ത പരസ്യദാതാക്കളെ ബ്ലോക്ക് ചെയ്യാനും പരസ്യങ്ങൾ മറയ്ക്കാനും ഉപയോക്താക്കൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ‘Updates’ ടാബിൽ കാണുന്ന ഉള്ളടക്കത്തിൽ കൂടുതൽ നിയന്ത്രണം ഉറപ്പാക്കാം. യൂറോപ്പിലെ ചില പ്രദേശങ്ങളിൽ സ്റ്റാറ്റസിനും ചാനലുകൾക്കും പരസ്യമില്ലാത്ത സബ്‌സ്‌ക്രിപ്ഷൻ ഓപ്ഷനും പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കും. നിരക്കും ലഭ്യതയും പ്രദേശങ്ങളനുസരിച്ച് വ്യത്യാസപ്പെടും.
പുതിയ ഗ്രൂപ്പ് ഫീച്ചറും
ഇതിനിടെ WhatsApp അടുത്തിടെ “Group Chat History” എന്ന പുതിയ സവിശേഷതയും അവതരിപ്പിച്ചു. പുതിയതായി ഗ്രൂപ്പിൽ ചേരുന്ന അംഗങ്ങൾക്ക് മുൻപ് നടന്ന സന്ദേശങ്ങൾ ഘടനാപരമായി പങ്കുവെക്കാൻ ഇതിലൂടെ കഴിയും. ഗ്രൂപ്പ് അഡ്മിൻമാർക്ക് 25 മുതൽ പരമാവധി 100 സന്ദേശങ്ങൾ വരെ ഷെയർ ചെയ്യാം. സന്ദേശങ്ങൾ പങ്കുവെച്ചാൽ എല്ലാ അംഗങ്ങൾക്കും അറിയിപ്പ് ലഭിക്കുകയും സമയം, അയച്ചയാൾ തുടങ്ങിയ വിവരങ്ങൾ വ്യക്തമായി പ്രദർശിപ്പിക്കപ്പെടുകയും ചെയ്യും.
പുതിയ പരസ്യ സംവിധാനങ്ങളിലൂടെ വരുമാനം വർധിപ്പിക്കാനാണ് വാട്‌സ്ആപ്പിന്റെ നീക്കം. അതേസമയം ഉപയോക്തൃ സ്വകാര്യതയ്ക്ക് ഭംഗം വരുത്തില്ലെന്ന ഉറപ്പും കമ്പനി നൽകുന്നു.
