ഇന്ത്യ അഞ്ച് ട്രില്യൺ മുതൽ പത്ത് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയിലേക്കുള്ള വളർച്ചയിലേക്ക് നീങ്ങുമ്പോൾ, അതിന് നേതൃത്വം നൽകുന്നത് ദക്ഷിണേന്ത്യയായിരിക്കുമെന്ന് Confederation of Indian Industry വ്യക്തമാക്കി. കൊച്ചിയിൽ നടന്ന ദക്ഷിണ മേഖല വാർഷിക സമ്മേളനത്തിലാണ് വ്യവസായ രംഗത്തെ പ്രമുഖർ ഈ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
ദക്ഷിണ സംസ്ഥാനങ്ങൾ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ നിർണായക പങ്ക് വഹിക്കുമെന്ന് സിഐഐ ദക്ഷിണ മേഖല ചെയർമാൻ P Ravichandran പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കയറ്റുമതിയെയും വിലക്കയറ്റത്തെയും ബാധിച്ചേക്കാമെങ്കിലും, ഇന്ത്യൻ സമ്പദ്വ്യവസ്ഥ അതിനെ മറികടക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് സർക്കാരുമായി നിരന്തരം ചർച്ചകൾ നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയുടെ ആകെ ചരക്ക് കയറ്റുമതിയുടെ 38 മുതൽ 40 ശതമാനം വരെ ദക്ഷിണേന്ത്യയിൽ നിന്നാണെന്ന് മുൻ ചെയർമാൻ Thomas John Muthoot വ്യക്തമാക്കി. ഏകദേശം 124 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഈ മേഖലയിൽ നിന്നുണ്ടാകുന്നത്. ദക്ഷിണേന്ത്യയിലെ ആറു സംസ്ഥാനങ്ങൾ പരസ്പരം മത്സരിക്കുന്നതല്ല, മറിച്ച് ഒരുമിച്ച് വളർച്ചയ്ക്ക് കൈകോർക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
ഗവേഷണ-വികസന മേഖലയിൽ കൂടുതൽ നിക്ഷേപം അനിവാര്യമാണെന്ന് സിഐഐ വൈസ് പ്രസിഡന്റും Bharat Biotech മാനേജിങ് ഡയറക്ടറുമായ Suchitra K Ella പറഞ്ഞു. വിദേശ സാങ്കേതിക വിദ്യയ്ക്കായി കാത്തിരിക്കാതെ സ്വതന്ത്രമായി നവീകരണങ്ങൾ വികസിപ്പിക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.
നിർമ്മാണ മേഖലയിലും കൃത്രിമ ബുദ്ധി സാങ്കേതികവിദ്യയിലും ദക്ഷിണേന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് സിഐഐ പ്രസിഡന്റ് Rajiv Memani പറഞ്ഞു. ബിസിനസ് സൗകര്യം മെച്ചപ്പെടുത്തൽ, ഭൂമിയുടെ ഡിജിറ്റലൈസേഷൻ എന്നിവയിൽ സംസ്ഥാന സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.ഇന്ത്യയിലെ ഉൽപാദന ശേഷിയിലും മനുഷ്യ വിഭവശേഷിയിലുമുള്ള വിശ്വാസമാണ് ആഗോള കമ്പനികളെ കൂടുതൽ നിക്ഷേപത്തിലേക്ക് ആകർഷിക്കുന്നതെന്ന് Volvo Group ഇന്ത്യ മാനേജിങ് ഡയറക്ടർ Kamal Bali പറഞ്ഞു.
