നൂറിൻ്റെയും ഇരുന്നൂറിൻ്റെയും പുതിയ നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക്

നൂറിൻ്റെയും ഇരുന്നൂറിൻ്റെയും പുതിയ നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക്. കഴിഞ്ഞ ഡിസംബറിൽ നിയമിതനായ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പുള്ള മഹാത്മാഗാന്ധി സീരീസിലുള്ള പുതിയ നോട്ടുകളാണ് പുറത്തിറക്കുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത് ഗവർണറാണ് സഞ്ജയ് മൽഹോത്ര

മുമ്പ് പുറത്തിറക്കിയ 100, 200 മൂല്യമുള്ള എല്ലാ നോട്ടുകളും നിയമപരമായി നിലനിൽക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. പ്രചാരത്തിലുള്ള പഴയ നോട്ടുകളുടെ സാധുതയെ ഇത് ബാധിക്കില്ല. നിലവിലുള്ള നോട്ടിന്റെ തുടർച്ച തന്നെയായിരിക്കും പുതിയ നോട്ടുകളും. വിപണിയിൽ കൂടുതൽ നോട്ടുകൾ എത്തിച്ച് പണ വ്യവസ്ഥയുടെ തുടർച്ചയായ ഒഴുക്ക് ഉറപ്പാക്കാൻ വേണ്ടി മാത്രമാണ് പുതിയ നോട്ടുകൾ ഇറക്കുന്നത്

സുരക്ഷ വർധിപ്പിക്കുന്നതിനും കള്ളപ്പണം തടയുന്നതിനുമായി അവതരിപ്പിച്ച പുതിയ സീരിസ് നോട്ടുകളുടെ മാതൃകയിൽ തന്നെയായിരിക്കും ഈ നോട്ടുകളും ഉണ്ടാകുക. നോട്ടിൻ്റെ മുൻവശത്ത് മഹാത്മാഗാന്ധിയുടെ ഛായാചിത്രവും പിന്നിൽ സാംസ്കാരിക രൂപങ്ങളും നിലനിർത്തും. ആർബിഐ ഗവർണറുടെ ഒപ്പിൽ മാത്രമാണ് മാറ്റം വരിക.