ഇന്ത്യയിൽ നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തിൽ തുടർച്ചയായ 11-ാം മാസവും കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു. നവംബറിൽ 8.27 ശതമാനം പണപ്പെരുപ്പത്തോടെയാണ് കേരളം ഈ അനഭിമത സ്ഥാനത്ത് വീണ്ടും മുന്നിലെത്തിയത്. രണ്ടാമതുള്ള സംസ്ഥാനത്തെക്കാൾ പോലും വലിയ അന്തരമാണ് കേരളത്തിനുള്ളത്. 2.64 ശതമാനം മാത്രം പണപ്പെരുപ്പമുള്ള കർണാടകയാണ് രണ്ടാം സ്ഥാനത്ത്. ഒക്ടോബറിൽ രണ്ടാമതായിരുന്ന ജമ്മു–കശ്മീർ നവംബറിൽ 2.31 ശതമാനവുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
തമിഴ്നാട് (2.08%) നാലാം സ്ഥാനത്തും പഞ്ചാബ് (1.65%) അഞ്ചാം സ്ഥാനത്തുമാണ്. ദേശീയതലത്തിൽ നവംബറിൽ റീട്ടെയ്ൽ പണപ്പെരുപ്പം ഒക്ടോബറിലെ 0.25 ശതമാനത്തിൽ നിന്ന് 0.71 ശതമാനമായി ഉയർന്നെങ്കിലും, റിസർവ് ബാങ്ക് നിശ്ചയിച്ച 4 ശതമാന പരിധിയേക്കാൾ ഇത് ഇപ്പോഴും വളരെ താഴെയാണ്.ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പം ഒക്ടോബറിലെ മൈനസ് 0.25 ശതമാനത്തിൽ നിന്ന് നവംബറിൽ പ്ലസ് 0.10 ശതമാനമായി ഉയർന്നു. നഗര മേഖലകളിൽ ഇത് 0.88 ശതമാനത്തിൽ നിന്ന് 1.40 ശതമാനമായി വർധിച്ചു. ഭക്ഷ്യവിലപ്പെരുപ്പം (ഫുഡ് ഇൻഫ്ലേഷൻ) നെഗറ്റീവ് 5.02 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 3.91 ശതമാനത്തിലേക്കാണ് ഉയർന്നത്.
കഴിഞ്ഞ മാസം പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങൾ, പയർവർഗങ്ങൾ എന്നിവയുടെ വില കുറഞ്ഞപ്പോൾ, ധാന്യം, മത്സ്യം, മാംസം, മുട്ട, പാലുൽപന്നങ്ങൾ, പഴവർഗങ്ങൾ എന്നിവയ്ക്ക് വില വർധിച്ചു.അസം (-0.90%), ബിഹാർ (-1.67%), ഛത്തീസ്ഗഢ് (-0.83%), ഹരിയാന (-0.26%), ജാർഖണ്ഡ് (-0.21%), മധ്യപ്രദേശ് (-1.06%), ഒഡീഷ (-1.29%), രാജസ്ഥാൻ (-0.41%), തെലങ്കാന (-0.10%) തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പണപ്പെരുപ്പം ഏറ്റവും താഴ്ന്ന നിലയിൽ രേഖപ്പെടുത്തിയത്.
റീട്ടെയ്ൽ പണപ്പെരുപ്പം കുറഞ്ഞതലത്തിൽ തുടരുന്നതിനാൽ റിസർവ് ബാങ്ക് അടുത്തിടെ നടന്ന പണനയ യോഗത്തിൽ പലിശനിരക്ക് കുറച്ചിരുന്നു. ദേശീയതലത്തിൽ പണപ്പെരുപ്പം 2 ശതമാനത്തിന് താഴെയാകുന്നത് തുടർച്ചയായ മൂന്നാം മാസവും, റിസർവ് ബാങ്കിന്റെ 4 ശതമാന പരിധിക്ക് താഴെയാകുന്നത് തുടർച്ചയായ അഞ്ചാം മാസവുമാണ്. കേരളത്തിൽ ഗ്രാമീണ മേഖലകളിലാണ് വിലക്കയറ്റം കൂടുതലായി രേഖപ്പെടുത്തിയിരിക്കുന്നത്—9.34 ശതമാനം; നഗര മേഖലകളിൽ ഇത് 6.33 ശതമാനമാണ്
