തീരുവ തടസ്സമാകില്ല; യുഎസ് വിപണിയിൽ ഇന്ത്യയുടെ കയറ്റുമതി ശക്തം

ഇരട്ടിത്തീരുവ തുടരുന്ന സാഹചര്യത്തിലും ഒക്ടോബറിനെ അപേക്ഷിച്ച് നവംബർ മാസത്തിൽ യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ വർധന രേഖപ്പെടുത്തി. ഒക്ടോബറിൽ 630 കോടി ഡോളറിന്റെ ചരക്കുകളാണ് യുഎസിലേക്കു കയറ്റിയയച്ചിരുന്നത്. നവംബറിൽ ഇത് 698 കോടി ഡോളറായി ഉയർന്നു. ഏകദേശം 10 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷം നവംബറുമായി താരതമ്യം ചെയ്യുമ്പോൾ 22.61 ശതമാനം വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായി രണ്ടാം മാസമാണ് യുഎസിലേക്കുള്ള കയറ്റുമതി ഉയരുന്നത്. കഴിഞ്ഞ മാസം 15 ശതമാനത്തിന്റെ വർധനയായിരുന്നു ഉണ്ടായിരുന്നത്.സ്മാർട്ട്ഫോണുകൾ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിലെ ശക്തമായ മുന്നേറ്റമാണ് ഈ വർധനയ്ക്ക് പിന്നിലെന്നാണ് സൂചന. അധിക തീരുവ ബാധകമാകാത്ത ജൂലൈ മാസത്തിൽ ഇന്ത്യ 801 കോടി ഡോളറിന്റെ കയറ്റുമതിയാണ് യുഎസിലേക്കു നടത്തിയത്. എന്നാൽ അതിന് ശേഷം ഓഗസ്റ്റ് മുതൽ കനത്ത ഇടിവാണ് നേരിട്ടത്.

ഈ വർഷം ഏറ്റവും കുറഞ്ഞ കയറ്റുമതി സെപ്റ്റംബർ മാസത്തിലാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 7-ന് ചുമത്തിയ 25 ശതമാനം ‘പകരം തീരുവ’യെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഓഗസ്റ്റ് 27-ന് ഇരട്ടിയാക്കിയിരുന്നു. ഇരട്ടിത്തീരുവ ഭാഗികമായി ബാധകമായ ഓഗസ്റ്റിൽ 686 കോടി ഡോളറിന്റെ ചരക്കുകളാണ് യുഎസിലേക്കു കയറ്റുമതി ചെയ്തത്.ഈ വർഷം ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങൾ ഒഴികെ മറ്റു മാസങ്ങളിൽ യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 790 കോടി ഡോളറിൽ താഴെയായിട്ടില്ല. അതേസമയം, ഇന്ത്യ–യുഎസ് വ്യാപാര കരാർ വൈകാതെ യാഥാർഥ്യമാകുമെന്ന സൂചനകളും കേന്ദ്ര വാണിജ്യ മന്ത്രാലയ വൃത്തങ്ങൾ നൽകുന്നു.