ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ബാഡ്ജ് ഇല്ലാതെ വാഹനങ്ങള്‍ ഓടിക്കാമെന്ന് സുപ്രീകോടതി

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍(എല്‍എംവി) ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ബാഡ്ജ് ഇല്ലാതെ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാമെന്ന് സുപ്രീകോടതി. 7,500 കിലോഗ്രാമില്‍ കുറവ് ഭാരമുള്ള വാഹനങ്ങള്‍ ഓടിക്കാനാണ് അനുമതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായുള്ള അഞ്ച് അംഗ ഭരണഘടന ബെഞ്ചിന്റേതാണ് നിര്‍ണായക വിധി. ബാഡ്ജ് ഇല്ലാതെ ലൈറ്റ് മോട്ടോര്‍ വൈഹിക്കിള്‍ ലൈസന്‍സുള്ളവരുമായി ബന്ധപ്പെട്ട വാഹനാപകടങ്ങളില്‍ ക്ലെയിം നല്‍കുന്നത് ഇന്‍ഷൂറന്‍സ് കമ്പനികള്‍ നിഷേധിക്കുന്നത് ഇതോടെ അവസാനിച്ചേക്കും.

എല്‍എംവി ലൈസന്‍സുള്ളവര്‍ക്ക് ഇനി മുതല്‍ 7500 കിലോഗ്രാം വരെ ഭാരമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ അടക്കം ഓടിക്കാനാവും. ഇതിന് മോട്ടോര്‍ വെഹിക്കിള്‍ നിയമം അനുശാസിക്കുന്ന അധിക രേഖകളുടെ ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു. ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ എന്നത് പൂര്‍ണമായും വ്യത്യസ്തസ വിഭാഗമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അതേസമയം അപകടസാധ്യത കൂടുതലുള്ള വസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് അധിക രേഖകള്‍ വേണമെന്നത് തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധിയോടെ ചെറിയ ടിപ്പറുകളും ട്രാവലറുകളും അടക്കമുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ ഓടിക്കാന്‍ എല്‍എംവി ഡ്രൈവിങ് ലൈസന്‍സ് മതിയാവും.

എല്‍എംവി ഡ്രൈവിങ് ലൈസന്‍സ് മാത്രം ഉള്ളവര്‍ ഓടിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ നഷ്ടപരിഹാരം നിഷേധിക്കുന്ന രീതി ചില ഇന്‍ഷൂറന്‍സ് കമ്പനികള്‍ പിന്തുടര്‍ന്നിരുന്നു. ബാഡ്ജ് ഇല്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് നഷ്ടപരിഹാരം നിഷേധിക്കാന്‍ ഇനി മുതല്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കാവില്ല. 2017ലെ മകുന്ദ് ദേവാംഗന്‍ കേസില്‍ എല്‍എംവി ലൈസന്‍സുള്ളവര്‍ക്ക് 7500 കിലോഗ്രാം വരെ ഭാരമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാമെന്ന് സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ ഇന്‍ഷൂറന്‍സ് കമ്പനികള്‍ സുപ്രീംകോടതി ഭരണഘടനബെഞ്ചിനെ 2022 മാര്‍ച്ചില്‍ സമീപിക്കുകയായിരുന്നു. ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സുള്ളവര്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടിയ ശേഷമാണ് സുപ്രീംകോടതി ഉത്തരവ്. ഇനി മുതല്‍ 7500 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് മാത്രമേ അധിക യോഗ്യത ആവശ്യമുള്ളൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി.