കുടുംബത്തിൽ ഒരാളുടെ മൊബൈൽ ഫോണിൽ തന്നെ എല്ലാവരുടെയും ഡിജിലോക്കർ രേഖകൾ സൂക്ഷിക്കാനായി ‘ഫാമിലി ലോക്കർ’ സംവിധാനം വരുന്നു. സാങ്കേതിക പരിജ്ഞാനമില്ലാത്തവർക്കും ഫോൺ സ്വന്തമായില്ലാത്ത കുട്ടികൾക്കും മറ്റുമാണ് പുതിയ ഫീച്ചർ. സർക്കാർ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണ് ഡിജിലോക്കർ (Digilocker). നിലവിൽ ഒരു അക്കൗണ്ടിൽ ഒരാളുടെ രേഖകൾ മാത്രമേ സൂക്ഷിക്കാനാവൂ. ഫോൺ ഇല്ലാത്തവർക്കും ആപ് ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും പുതിയ ഫീച്ചർ ഉപകാരമാകുമെന്ന് ഐടി മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.
നിലവിൽ വ്യക്തികൾക്ക് മാത്രമാണ് ഡിജിലോക്കർ. ഇനി സ്ഥാപനങ്ങൾക്കും അവരുടെ സർക്കാർ രേഖകൾ സൂക്ഷിക്കാനായി സമാനമായി സംവിധാനം ഉടൻ നിലവിൽ വരും. നികുതി റിട്ടേണുകൾ, ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ തുടങ്ങിയവ ഇത്തരത്തിൽ സൂക്ഷിക്കാം. ഇതിനായി ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബി അടക്കമുള്ളവയുമായി ചർച്ച പുരോഗമിക്കുന്നു.

