ഡസ്റ്റർ വീണ്ടും ഇന്ത്യൻ റോഡുകളിൽ! പുതുഭാവവും കരുത്തും ചേർത്ത് മാർച്ച് 17-ന് ലോഞ്ച്

ഇന്ത്യൻ വാഹന വിപണിയിൽ ഒരുകാലത്ത് തരംഗം സൃഷ്ടിച്ച റെനോ ഡസ്റ്റർ വീണ്ടും തിരിച്ചെത്തുന്നു. റെനോയുടെ മൂന്നാം തലമുറ ഡസ്റ്റർ 2026 മാർച്ച് 17-ന് ഔദ്യോഗികമായി പുറത്തിറങ്ങും. 2022-ൽ വിപണിയിൽ നിന്ന് പിന്മാറിയ ശേഷം, ഏറെ പ്രതീക്ഷയോടെയാണ് ഈ മിഡ്-സൈസ് എസ്‌യുവിയുടെ തിരിച്ചുവരവ്. 2026 ജനുവരി 26-ന് ഇന്ത്യ-സ്പെക് മോഡൽ ആദ്യമായി പ്രദർശിപ്പിച്ചിരുന്നു.

റെനോയ്ക്ക് ഡസ്റ്റർ വളരെ നിർണായകമായ മോഡലാണ്. ഇന്ത്യൻ വിപണിയിൽ വീണ്ടും ശക്തമായ സാന്നിധ്യം ഉറപ്പാക്കാൻ ഡസ്റ്റർ നിർണായക പങ്ക് വഹിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളുടെ പട്ടികയിൽ തിരിച്ചെത്താനാണ് നിർമ്മാതാക്കളുടെ ലക്ഷ്യം.2012-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ഡസ്റ്ററിന്റെ മൂന്നാം തലമുറയാണ് ഇടവേളയ്ക്ക് ശേഷം എത്തുന്നത്. കൂടുതൽ ആധുനികവും ദൃഢവുമായ ഡിസൈൻ, പുതുക്കിയ പവർട്രെയിൻ ഓപ്ഷനുകൾ, നൂതന ഫീച്ചറുകൾ, മെച്ചപ്പെടുത്തിയ മലിനീകരണ നിയന്ത്രണ സംവിധാനം എന്നിവയുമായി ഡസ്റ്റർ വിപണി കീഴടക്കുമെന്ന ആത്മവിശ്വാസത്തിലാണ് റെനോ.

ഡസ്റ്ററിന്റെ പ്രീബുക്കിംഗ് 21,000 രൂപയ്ക്കാണ് ആരംഭിച്ചിരിക്കുന്നത്. ഏപ്രിൽ പകുതിയോടെ രണ്ട് ടർബോ പെട്രോൾ വകഭേദങ്ങളുടെ വിതരണം തുടങ്ങുമെന്നാണു സൂചന.പുതിയ റെനോ ഡസ്റ്ററിന്റെ വില 10 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ ആയിരിക്കുമെന്നാണ് വിപണിയിലെ പ്രതീക്ഷ.