യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സംരക്ഷണവാദ നയങ്ങളുടെ പാത പിന്തുടർന്ന് മെക്സിക്കോയും കടുത്ത വ്യാപാരനടപടികളിലേക്ക്. 2026ന്റെ തുടക്കത്തിൽ നിന്ന് ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 50 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ മെക്സിക്കൻ സെനറ്റ് വോട്ടിങ്ങിലൂടെ തീരുമാനിച്ചു.
ഇന്ത്യയ്ക്കൊപ്പം ചൈന, ദക്ഷിണ കൊറിയ, തായ്ലൻഡ്, ഇന്തോനേഷ്യ എന്നീ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുടെയും തീരുവ ജനുവരി മുതൽ 50 ശതമാനമായി ഉയർത്തും. നിലവിൽ ഏകദേശം 5 ശതമാനത്തിനടുത്താണ് തീരുവ. വാഹനങ്ങൾ, വാഹന ഘടകങ്ങൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, സ്റ്റീൽ, പാദരക്ഷകൾ എന്നിവയ്ക്കാണ് 50 ശതമാനം തീരുവ ഏർപ്പെടുത്തുന്നത്. മറ്റു ഉൽപന്നങ്ങൾക്ക് തീരുവ 35 ശതമാനമായി വർധിപ്പിക്കും.
മെക്സിക്കോയിൽ നിലവിൽ ഏകദേശം 250 ഇന്ത്യൻ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് മെക്സിക്കോയിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് വാഹനങ്ങളാണ്. മാരുതി സുസുക്കി, ഹ്യുണ്ടായ്, കിയ, സ്കോഡ തുടങ്ങിയ കമ്പനികൾ മെക്സിക്കോയിലേക്ക് വൻതോതിൽ വാഹന കയറ്റുമതി നടത്തുന്നുണ്ട്. വാഹന ഘടകങ്ങളുടെ കയറ്റുമതിയിലും ഇന്ത്യയുടെ പ്രധാന വിപണികളിലൊന്നാണ് മെക്സിക്കോ.
ഉഭയകക്ഷി വ്യാപാര കണക്കുകൾ പ്രകാരം ഇന്ത്യയുടെ 31-ാമത്തെ വലിയ വിപണിയാണ് മെക്സിക്കോ. എന്നിരുന്നാലും, 2024–25 സാമ്പത്തിക വർഷത്തിൽ മാത്രം ഇരു രാജ്യങ്ങൾക്കിടയിലെ വ്യാപാരം 860 കോടി ഡോളറിലേക്കാണ് (ഏകദേശം 77,500 കോടി രൂപ) എത്തിയത്.
മെക്സിക്കൻ സെനറ്റിൽ 5ന് എതിരെ 76 വോട്ടുകൾക്കാണ് പുതിയ താരിഫ് ബിൽ പാസായത്. 35 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. മെക്സിക്കോയുടെ ഈ തീരുമാനത്തിനെതിരെ ചൈന പ്രതിഷേധം രേഖപ്പെടുത്തി. ആഭ്യന്തര കമ്പനികളും എതിർപ്പുമായി രംഗത്തെത്തിയെങ്കിലും സർക്കാർ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ധനക്കമ്മി കുറയ്ക്കുക എന്നതാണ് തീരുവ വർധനയുടെ ലക്ഷ്യമെന്ന് മെക്സിക്കൻ ഭരണകൂടം വ്യക്തമാക്കി. ഇതുവഴി അടുത്ത വർഷം 376 കോടി ഡോളർ (ഏകദേശം 34,000 കോടി രൂപ) അധിക വരുമാനം നേടാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
