ട്രംപിന്റെ ടാരിഫ് സമ്മർദ്ദം അവഗണിച്ച് ഇന്ത്യ മുന്നോട്ട്; ഇന്ത്യ തിളങ്ങുമെന്ന് സാമ്പത്തിക സർവേ, ജിഡിപി കുതിക്കും

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത വ്യാപാര നയങ്ങൾക്കിടയിലും ഇന്ത്യയുടെ വളർച്ചാപഥം തടസ്സപ്പെടില്ലെന്ന് കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ. അടുത്ത സാമ്പത്തിക വർഷവും (2026–27) ഇന്ത്യ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി തുടരുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി ഇന്ന് പാർലമെന്റിൽ സമർപ്പിച്ച സാമ്പത്തിക സർവേ, 6.8 മുതൽ 7.2 ശതമാനം വരെ ജിഡിപി വളർച്ചയാണ് 2026–27ൽ ഇന്ത്യയ്ക്കായി പ്രവചിക്കുന്നത്.

നടപ്പുവർഷമായ 2025–26ൽ 7.4 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. മുൻവർഷമായ 2024–25ൽ ഇന്ത്യ 6.5 ശതമാനം വളർച്ച കൈവരിച്ചിരുന്നു.ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി അധികാരത്തിലെത്തിയതിന് പിന്നാലെ ആരംഭിച്ച ടാരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, യുഎസുമായി വ്യാപാര കരാറിലെത്താത്ത ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. റഷ്യൻ എണ്ണ ഇറക്കുമതിയെ ചൂണ്ടിക്കാട്ടി ഇന്ത്യയ്ക്കെതിരെ 50 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതോടെ, തുടക്കത്തിൽ ഇന്ത്യയ്ക്ക് അനുകൂലമാകുമെന്നു കരുതിയ ട്രംപിന്റെ നയങ്ങൾ കയറ്റുമതി മേഖലയ്ക്ക് തിരിച്ചടിയായെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

ഇന്ത്യയുടെ മൊത്തം കയറ്റുമതിയിലെ 18 ശതമാനവും യുഎസിലേക്കാണ്, കൂടാതെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ് അമേരിക്ക. ഈ സാഹചര്യത്തിൽ പല അന്താരാഷ്ട്ര ഏജൻസികളും ഇന്ത്യയുടെ വളർച്ചാ അനുമാനം കുറച്ചിരുന്നു. എന്നാൽ, ജിഎസ്ടി പരിഷ്കാരങ്ങൾ, ആദായനികുതി ഇളവുകൾ, പണപ്പെരുപ്പ നിയന്ത്രണം എന്നിവയിലൂടെ ഇന്ത്യ സമ്പദ്വളർച്ചയെ സ്ഥിരതയോടെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞുവെന്ന് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു.റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചതും സമ്പദ്വ്യവസ്ഥയ്ക്ക് ആശ്വാസമായിട്ടുണ്ട്. അതേസമയം, ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾ മൂലം 2026–27ൽ പണപ്പെരുപ്പം ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

∙ ഇന്ത്യയിലെ ഉപഭോക്തൃ വിപണി ശക്തമായി തുടരുന്നുവെങ്കിലും, വിദേശതല വെല്ലുവിളികൾ നിലനിൽക്കും.

∙ വിദേശ മൂലധന പ്രവാഹം കുറയുന്നത് തിരിച്ചടിയായതോടെ, കറൻസിയുടെ അസ്ഥിരത വർധിക്കാനിടയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി നിയന്ത്രിത നിലയിലാണെന്നും സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.2024–25ൽ ജിഡിപിയുടെ 4.8 ശതമാനമായിരുന്ന ധനക്കമ്മി, നടപ്പുവർഷം 4.4 ശതമാനമായി കുറയും.

∙ കേന്ദ്രത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടതായിരുന്നാലും, ചില സംസ്ഥാനങ്ങളുടെ ദുർബലമായ ധനനില രാജ്യത്തിന്റെ മൊത്തത്തിലുള്ള പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് കടമെടുപ്പ് കൂടുതൽ ബുദ്ധിമുട്ടാക്കുകയും പലിശച്ചെലവ് വർധിക്കാനും ഇടയാക്കും.

∙ ഇന്ത്യയിലെ തൊഴിൽ വിപണി സ്ഥിരത കൈവരിച്ചതായും സാമ്പത്തിക സർവേ പറയുന്നു. നിലവിൽ 56 കോടി പേർ രാജ്യത്ത് തൊഴിൽരംഗത്തുണ്ട്. ഇന്ത്യയുടെ സമ്പദ്വളർച്ചയുടെ നെടുംതൂണാണ് തൊഴിലാളിവർഗം എന്നും റിപ്പോർട്ട് വിലയിരുത്തുന്നു.